India

അര്‍നബ് ഗോസ്വാമി 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ആറുമണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്. അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അര്‍നബ് ഗോസ്വാമിയെ പോലിസ് ബുധനാഴ്ച അറസ്റ്റുചെയ്തത്.

അര്‍നബ് ഗോസ്വാമി 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍
X

മുംബൈ: ആത്മഹത്യാപ്രേരണാക്കേസില്‍ അറസ്റ്റിലായ റിപബ്ലിക് ടിവി ഉടമയും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍നബ് ഗോസ്വാമിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആറുമണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്. അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അര്‍നബ് ഗോസ്വാമിയെ പോലിസ് ബുധനാഴ്ച അറസ്റ്റുചെയ്തത്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ അര്‍നബിന് പോലിസ് നോട്ടീസ് നല്‍കിയിരുന്നു.

വിശദമായ ചോദ്യംചെയ്യലിനുശേഷമാണ് പോലിസ് അറസ്റ്റിലേക്ക് കടന്നത്. അതേസമയം, പോലിസ് കൈയേറ്റം ചെയ്തെന്നും ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും അര്‍നബ് ആരോപിച്ചു. ഭാര്യയെയും മകനെയും ഭാര്യാ മാതാവിനെയും ഭാര്യാപിതാവിനെയും കൈയേറ്റം ചെയ്‌തെന്നും അര്‍നബ് പറയുന്നു. അതേസമയം, അറസ്റ്റുചെയ്യാന്‍ വന്ന പോലിസ് ഉദ്യോഗസ്ഥരെ എതിര്‍ത്തതിനും വനിതാ ഉദ്യോഗസ്ഥയെ അക്രമിച്ചതിനും മുംബൈ പോലിസ് അര്‍നബ് ഗോസ്വാമിക്കെതിരേ പുതിയ എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുകയാണ്.

കസ്റ്റഡിയിലെടുക്കാന്‍ വീട്ടിലെത്തിയ പോലിസ് സംഘത്തിലെ വനിതാ ഓഫിസറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കേസ്. ഐപിസി സെക്ഷന്‍ 353, 504, 506, 34 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായ്ക്കിനെയും അമ്മ കുമുദ് നായ്ക്കിനെയും 2018 മെയിലാണ് അലിബാഗിലെ അവരുടെ ബംഗ്ലാവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ട് വ്യത്യസ്ത കമ്പനികളുടെ ഉടമകളായ അര്‍നബും മറ്റ് രണ്ടുപേരും 5.40 കോടി രൂപ കുടിശ്ശിക നല്‍കാത്തതിനാലാണ് താനും അമ്മയും ജീവന്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്ന് അന്‍വേ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു. നായ്ക്കിന്റെ കമ്പനിയായ കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് യഥാക്രമം 83 ലക്ഷം, 4 കോടി, 55 ലക്ഷം രൂപ എന്നിങ്ങനെ കുടിശ്ശിക നല്‍കാനുണ്ട്.

Next Story

RELATED STORIES

Share it