India

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു
X

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു. ഖര്‍ദാഹ നിയോജകമണ്ഡലത്തില്‍നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കാജല്‍ സിന്‍ഹയാണ് മരിച്ചത്. സിന്‍ഹയുടെ മരണം തന്നെ ഞെട്ടിച്ചെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തു. ആളുകളെ സേവിക്കുന്നതിനായി അദ്ദേഹം തന്റെ ജീവിതം സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും തന്റെ അനുശോചനം അറിയിക്കുന്നതായും അവര്‍ ട്വീറ്റ് ചെയ്തു.

എട്ട് ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ബംഗാള്‍ തിരഞ്ഞെടുപ്പ് വേളയില്‍ കൊവിഡ് മൂലം മൂന്ന് സ്ഥാനാര്‍ഥികള്‍ മരിച്ചുവെന്നത് ശ്രദ്ധേയമാണ്. നിരവധി സ്ഥാനാര്‍ഥികളാണ് കൊവിഡ് പോസിറ്റീവായത്. നേരത്തെ മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡോ. ശശി പഞ്ജ, സാധന്‍ പാണ്ഡെ എന്നിവര്‍ക്കും രോഗം പിടിപെട്ടതായി റിപോര്‍ട്ടുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മദന്‍ മിത്രയെ ബുധനാഴ്ച ഉച്ചയ്ക്ക് എസ്എസ്‌കെഎമ്മില്‍ പ്രവേശിപ്പിക്കുകയും പിന്നീട് വൈകീട്ട് സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കടുത്ത ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായിരുന്ന അദ്ദേഹത്തിന് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചാംഘട്ട തിരഞ്ഞെടുപ്പ് ദിവസം ഏപ്രില്‍ 17 നാണ് കാമര്‍ഹതി നിയമസഭാ മണ്ഡലത്തില്‍നിന്ന് മല്‍സരിക്കുന്ന മിത്രയ്ക്ക് രോഗം ബാധിച്ചത്.

Next Story

RELATED STORIES

Share it