India

ഉത്തര്‍പ്രദേശില്‍ വനിതാ ട്രെയിനി കോണ്‍സ്റ്റബിള്‍മാര്‍ക്ക് മോശം സാഹചര്യങ്ങളില്‍ പരിശീലനം; 'തുറസായ സ്ഥലത്ത് കുളിക്കാന്‍ നിര്‍ബന്ധിച്ചു, ടോയ്ലറ്റിനടുത്ത് ക്യാമറകള്‍'

ഉത്തര്‍പ്രദേശില്‍ വനിതാ ട്രെയിനി കോണ്‍സ്റ്റബിള്‍മാര്‍ക്ക് മോശം സാഹചര്യങ്ങളില്‍ പരിശീലനം; തുറസായ സ്ഥലത്ത് കുളിക്കാന്‍ നിര്‍ബന്ധിച്ചു, ടോയ്ലറ്റിനടുത്ത് ക്യാമറകള്‍
X

ഗോരഖ്പൂര്‍: പരിശീലന കേന്ദ്രത്തിലെ മോശം സാഹചര്യങ്ങളില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് വനിതാ കോണ്‍സ്റ്റബിള്‍മാര്‍ ബുധനാഴ്ച ബിച്ച്ഹിയയിലെ പിഎസി. ക്യാംപില്‍ ധര്‍ണ നടത്തി. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം. ഏകദേശം 600 ഓളം വനിതാ കോണ്‍സ്റ്റബിള്‍മാര്‍ പരിശീലന കേന്ദ്രത്തിന് പുറത്തിറങ്ങി മുദ്രാവാക്യം വിളിക്കുകയും ധര്‍ണ നടത്തുകയും ചെയ്തു. കുടിവെള്ളം, ഭക്ഷണം, കുളിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവ അപര്യാപ്തമാണെന്ന് ഇവര്‍ ആരോപിച്ചു.

പരിശീലന കേന്ദ്രത്തില്‍ 360 പേര്‍ക്ക് മാത്രം സൗകര്യമുള്ളപ്പോള്‍ ഏകദേശം 600 പേരെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും പരിശീലനം നേടുന്ന വനിതാ കോണ്‍സ്റ്റബിള്‍മാര്‍ പറഞ്ഞു. ബിച്ച്ഹിയയില്‍ സ്ഥലമില്ലായിരുന്നെങ്കില്‍ എന്തിനാണ് ഞങ്ങളെ ഇങ്ങോട്ട് അയച്ചതെന്നാണ് പ്രതിഷേധിച്ചവരില്‍ ഒരാള്‍ ചോദിച്ചത്. വെള്ളമില്ല, വെളിച്ചമില്ല, ഫാനില്ല, തുറന്ന സ്ഥലത്ത് കുളിക്കേണ്ടി വരുന്നു, എന്നിട്ടും എന്തിനാണ് ഇങ്ങോട്ട് വിളിച്ചത്? സഹായിക്കുന്നതിന് പകരം അധികാരികള്‍ ഞങ്ങളെ അധിക്ഷേപിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അവര്‍ വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.

പരാതികള്‍ ഉന്നയിച്ചപ്പോള്‍ ഉദ്യോഗസ്ഥരില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായതായും നിരവധി സ്ത്രീകള്‍ ആരോപിച്ചു. വനിതാ ടോയ്ലറ്റിന് സമീപം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത് പ്രധാന ആശങ്കയാണ്. ഇത് ഉടനടി നീക്കം ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കാര്യങ്ങള്‍ വഷളായതോടെ പിഎസി കമാന്‍ഡന്റ് ആനന്ദ് കുമാര്‍, സി ഒ ദീപാന്‍ഷി റാത്തോഡ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥിതി ശാന്തമാക്കാന്‍ ക്യാംപിലെത്തി. പ്രതിഷേധക്കാരുമായി സംസാരിക്കുകയും പരാതികള്‍ പരിഹരിക്കുമെന്ന് ഉറപ്പും നല്‍കി. ചര്‍ച്ചകളെത്തുടര്‍ന്ന് സ്ത്രീകള്‍ പരിശീലന കേന്ദ്രത്തിലേക്ക് മടങ്ങി.

ജൂലൈ 21ന് ബിച്ച്ഹിയ പിഎസി ക്യാംപസില്‍ പരിശീലനം ആരംഭിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ പ്രതിഷേധം നടന്നത്. ഉന്നയിച്ച പ്രശ്‌നങ്ങള്‍ അവലോകനം ചെയ്ത ശേഷം നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിക്കും തിരക്കും കുറയ്ക്കാനും പരിശീലനം നേടുന്ന കോണ്‍സ്റ്റബിള്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധത്തിനിടെ ആര്‍ക്കും പരിക്കേല്‍ക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.

സാമൂഹിക മാധ്യമങ്ങളില്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി.



Next Story

RELATED STORIES

Share it