India

ബെംഗളൂരുവിലെ ഗതാഗത കുരുക്ക്; വിപ്രോ ക്യാംപസിലൂടെ ഗതാഗതം പറ്റില്ല, സിദ്ധരാമയ്യക്ക് അസിം പ്രേംജിയുടെ മറുപടി

ബെംഗളൂരുവിലെ ഗതാഗത കുരുക്ക്; വിപ്രോ ക്യാംപസിലൂടെ ഗതാഗതം പറ്റില്ല, സിദ്ധരാമയ്യക്ക് അസിം പ്രേംജിയുടെ മറുപടി
X

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ വിപ്രോ ക്യാംപസിലൂടെ പൊതുഗതാഗതം അനുവദിക്കണമെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആവശ്യം തള്ളി വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി. ഔട്ടര്‍ റിങ് റോഡിലെ ഇബ്ലൂര്‍ ജങ്ഷനിലെ അതിഗുരുതരമായ ഗതാഗതക്കുരുക്ക് അഴിക്കാനാണ് സിദ്ധരാമയ്യ വിപ്രോയുടെ സഹായം തേടി സെപ്റ്റംബര്‍ 19ന് കത്ത് അയച്ചത്. പരസ്പരം അംഗീകരിക്കുന്ന വ്യവസ്ഥകള്‍ക്കു വിധേയമായി പരിമിത ഗതാഗതം അനുവദിക്കണമെന്നായിരുന്നു അഭ്യര്‍ഥന. നഗരത്തിലെ പ്രധാന ഐടി ഇടനാഴികളിലൊന്നായ ഒആര്‍ആറില്‍ പലപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്.

പ്രവര്‍ത്തനപരവും സുരക്ഷാപരവുമായ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയും കമ്പനിയുടെയും ജീവനക്കാരുടെയും താല്‍പ്പര്യം കണക്കിലെടുത്തുമാണ് ഈ തീരുമാനം എടുത്തതെന്ന് പ്രേംജി പറഞ്ഞു. നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ മനസ്സിലാകുന്നുണ്ടെങ്കിലും വിപ്രോ ക്യാംപസിന്റെ സമഗ്രതയിലും ദീര്‍ഘകാല ബിസിനസ് ആവശ്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം മറുപടി നല്‍കി.

''പല ഘടകങ്ങളില്‍നിന്ന് ഉടലെടുക്കുന്ന പ്രശ്‌നത്തിന്റെ സങ്കീര്‍ണത മൂലം ഒറ്റത്തീര്‍പ്പോ ഒരു മാന്ത്രിക പരിഹാരമോ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന സൂചനയാണു നല്‍കുന്നത്. ഇതിനായി നഗര ഗതാഗത മാനേജ്മെന്റില്‍ ലോകോത്തര വൈദഗ്ധ്യമുള്ള ഒരു സംഘത്തിന്റെ നേതൃത്വത്തില്‍ സമഗ്രവും ശാസ്ത്രീയവുമായ പഠനം നടത്തുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അത്തരം ഒരു നീക്കം ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാലയളവുകളില്‍ നടപ്പിലാക്കാന്‍ കഴിയുന്ന ഫലപ്രദമായ പരിഹാരങ്ങളുടെ ഒരു സമഗ്രമായ കര്‍മപദ്ധതി കൊണ്ടുവരാന്‍ സഹായിക്കും. ഈ പ്രക്രിയയില്‍ പങ്കാളിയാകുന്നതിനും വിദഗ്ധ പഠനത്തിന്റെ ചെലവിന്റെ ഗണ്യമായ ഒരു ഭാഗം വഹിക്കുന്നതിനും വിപ്രോയ്ക്ക് സന്തോഷമുണ്ട്'' സിദ്ധരാമയ്യയ്ക്ക് അയച്ച മറുപടിക്കത്തില്‍ അസിം പ്രേംജി പറഞ്ഞു.





Next Story

RELATED STORIES

Share it