India

ടൂള്‍ കിറ്റ് കേസ്: ദിഷ രവിയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

മൂന്നുദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ദിഷയെ തിങ്കളാഴ്ച ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിനുശേഷം വീണ്ടും ഒരുദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.

ടൂള്‍ കിറ്റ് കേസ്: ദിഷ രവിയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി
X

ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ബംഗളൂരുവില്‍നിന്നുള്ള യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. മൂന്നുദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ദിഷയെ തിങ്കളാഴ്ച ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിനുശേഷം വീണ്ടും ഒരുദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. ടൂള്‍ കിറ്റ് കേസില്‍ കുറ്റാരോപിതരായ മുംബൈ അഭിഭാഷക നിഖിത ജേക്കബിനെയും പൂനെ എന്‍ജിനീയര്‍ ശാന്തനു മുലുകിനെയും പോലിസ് ചോദ്യംചെയ്യുകയാണ്. ഇവരോടൊപ്പം ചോദ്യം ചെയ്യുന്നതിന് അഞ്ചുദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിടണമെന്നാണ് അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തിങ്കളാഴ്ച കോടതിയില്‍ ആവശ്യപ്പെട്ടത്.

എന്നാല്‍, വീണ്ടും അഞ്ചുദിവസത്തേക്ക് കൂടി പോലിസ് കസ്റ്റഡിയില്‍ വിടാനാവില്ലെന്ന് ദിഷയുടെ അഭിഭാഷകന്‍ സിദ്ധാര്‍ഥ് അഗര്‍വാള്‍ വാദിച്ചു. വീണ്ടും പോലിസ് കസ്റ്റഡിയില്‍ വിട്ടാല്‍ ദിശയുടെ ജാമ്യാപേക്ഷയെ അത് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതെത്തുടര്‍ന്ന് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പങ്കജ് ശര്‍മ ഒരുദിവസത്തെ കസ്റ്റഡി മാത്രം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ ഇവരെ തിങ്കളാഴ്ച ദ്വാരകയിലെ പോലിസ് സൈബര്‍ സെല്‍ ആസ്ഥാനത്താണ് ചോദ്യംചെയ്യുന്നത്.

കര്‍ഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ് ട്വിറ്ററില്‍ പങ്കുവച്ച ടൂള്‍ കിറ്റ് രൂപ കല്‍പന ചെയ്തതിനാണ് ദിഷ അറസ്റ്റിലാവുന്നത്. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ദിഷയെ അറസ്റ്റുചെയ്തത്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കെതിരേ ഗ്രേറ്റ രൂപീകരിച്ച ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചര്‍ കാംപയിന്‍ എന്ന പരിസ്ഥിതി സംഘടനയുടെ ഇന്ത്യയിലെ സ്ഥാപകപ്രവര്‍ത്തകരിലൊരാളാണ് ദിഷ. കഴിഞ്ഞ ശനിയാഴ്ച ബംഗളൂരുവിലെ വീട്ടില്‍നിന്നാണ് ദിഷയെ അറസ്റ്റുചെയ്തത്.

Next Story

RELATED STORIES

Share it