India

തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: പോലിസുകാരുടെ നിസ്സഹകരണം; സാത്താന്‍കുളം പോലിസ് സ്റ്റേഷന്‍ റവന്യൂവകുപ്പ് ഏറ്റെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ഭാഗമായി തെളിവുകള്‍ ശേഖരിക്കുന്നതില്‍ സാത്താന്‍കുളം പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മജിസ്‌ട്രേറ്റുമായി സഹകരിക്കുന്നില്ലെന്ന് തൂത്തുക്കുടി പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി അറിയിച്ച സാഹചര്യത്തിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടല്‍.

തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: പോലിസുകാരുടെ നിസ്സഹകരണം; സാത്താന്‍കുളം പോലിസ് സ്റ്റേഷന്‍ റവന്യൂവകുപ്പ് ഏറ്റെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി
X

ചെന്നൈ: തൂത്തുക്കുടിയില്‍ അച്ഛനും മകനും പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ക്കശനിലപാടുമായി മദ്രാസ് ഹൈക്കോടതി രംഗത്ത്. കൊല്ലപ്പെട്ട ജയരാജിനെയും ബെനിക്‌സിനെയും കസ്റ്റഡിയില്‍ പാര്‍പ്പിച്ച സാത്താന്‍കുളം പോലിസ് സ്റ്റേഷന്‍ റവന്യൂ വകുപ്പിനോട് ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് തൂത്തുക്കുടി ജില്ലാ കലക്ടര്‍ക്കു മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് നിര്‍ദേശം നല്‍കി. ജുഡീഷ്യല്‍ അന്വേഷണവുമായി പോലിസുദ്യോഗസ്ഥര്‍ സഹകരിക്കാത്ത സാഹചര്യത്തിലാണ് സ്റ്റേഷന്റെ നിയന്ത്രണം റവന്യൂ വകുപ്പിനോട് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്.


ജസ്റ്റിസുമാരായ പി എന്‍ പ്രകാശ്, ബി പുകഴേന്തി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണു വിധി. കസ്റ്റഡി കൊലപാതകം സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും അത് സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് റവന്യൂ ഉദ്യോഗസ്ഥരെ സ്‌റ്റേഷനില്‍ നിയമിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ഭാഗമായി തെളിവുകള്‍ ശേഖരിക്കുന്നതില്‍ സാത്താന്‍കുളം പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മജിസ്‌ട്രേറ്റുമായി സഹകരിക്കുന്നില്ലെന്ന് തൂത്തുക്കുടി പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി അറിയിച്ച സാഹചര്യത്തിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടല്‍.

തൂത്തുക്കുടി മൊബൈല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ അസിസ്റ്റന്റ് ഡയറക്ടറോട് ഉടനടി സാത്താന്‍കുളം പോലിസ് സ്റ്റേഷനില്‍ ആവശ്യമായ തെളിവുകള്‍ ശേഖരിക്കാനും ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും കോടതി നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ തിരുനെല്‍വേലിയില്‍നിന്ന് അധിക ഫോറന്‍സിക് സംഘത്തെ അയയ്ക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു. ജയരാജിനെയും ബെനിക്‌സിനെയും കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് പോലിസ് നടത്തിയ വാദങ്ങള്‍ കളവാണെന്ന് ജുഡീഷ്യല്‍ കമ്മീഷന്റെ പ്രാഥമികാന്വേഷണത്തില്‍തന്നെ വ്യക്തമായതായാണ് റിപോര്‍ട്ടുകള്‍.

ലോക്ക് ഡൗണ്‍ ലംഘിച്ച് മൊബൈല്‍ ഷോപ്പ് തുറന്നുവെന്നാരോപിച്ചാണ് കടയുടമ പി ജയരാജിനെയും മകന്‍ ബെനിക്‌സിനെയും സാത്താന്‍കുളം പോലിസ് കസ്റ്റഡിയിലെടുത്തത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് പിറ്റേന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 23ന് ഇരുവരും മരിച്ചു. പോലിസ് കസ്റ്റഡിയില്‍ ഇരുവരും അതിക്രൂരമര്‍ദനത്തിനിരയായതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതെത്തുടര്‍ന്ന് പോലിസിനെതിരേയും സര്‍ക്കാരിനെതിരേയും വ്യാപകപ്രതിഷേധമുയര്‍ന്നു. ഒടുവില്‍ കേസ് സിബിഐക്കു കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സാത്താന്‍കുളം പോലിസ് സ്റ്റേഷനില്‍ രണ്ടാഴ്ച മുമ്പും പോലിസ് മര്‍ദനത്തില്‍ പരിക്കേറ്റ് ഒരാളുടെ മരണം സംഭവിച്ചതായി ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. തൂത്തുക്കുടി സ്വദേശിയായ മഹേന്ദ്രനാണ് അന്ന് മരണപ്പെട്ടത്.

Next Story

RELATED STORIES

Share it