India

ഹരിയാനയിലെ ഗുരുഗ്രാമില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് ഒരുമരണം; ആറുപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

ഹരിയാനയിലെ ഗുരുഗ്രാമില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് ഒരുമരണം; ആറുപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം
X

ഛണ്ഡിഗഢ്: ഹരിയാനയിലെ ഗുരുഗ്രാമില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു. ഒരാള്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആറോളം പേര്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഞായറാഴ്ച രാത്രിയോടെയാണ് ്പകടം നടന്നത്. ഗുരുഗ്രാം പട്ടൗഡി റോഡിലെ ഖാവസ്പൂരിലായിരുന്നു അപകടം. പോലിസും അഗ്‌നിശമന സേനയും ദേശീയ ദുരന്ത നിവാരണ സേനയും (എന്‍ഡിആര്‍എഫ്) രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായി പോലിസ് കമ്മീഷണര്‍ രാജീവ് ദേസ്വാള്‍ പറഞ്ഞു.


രക്ഷാപ്രവര്‍ത്തനം 18-20 മണിക്കൂര്‍ തുടരുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ (ഡിസി) യാഷ് ഗാര്‍ഗ് പറഞ്ഞു. ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുമൊത്തുള്ള ആംബുലന്‍സുകളും സ്ഥലത്തെത്തിച്ചിട്ടുണ്ട്. പ്രാഥമിക റിപാര്‍ട്ടുകള്‍ പ്രകാരം, ഒരു വെയര്‍ഹൗസ് കമ്പനി തങ്ങളുടെ തൊഴിലാളികളെ പാര്‍പ്പിക്കുന്നതിനായി നിര്‍മിച്ചതാണിത്. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഒരാളെ രക്ഷപ്പെടുത്തിയതായി പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

18 മുതല്‍ 19 വരെ തൊഴിലാളികള്‍ ആ കെട്ടിടത്തില്‍ താമസിച്ചിരുന്നു. അവരില്‍ 14-15 പേര്‍ സംഭവ സമയത്ത് ജോലിക്ക് പോയിരുന്നു. കെട്ടിടം തകര്‍ന്നതിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്ന് പോലിസ് പറഞ്ഞു. മഴയാണ് തകര്‍ച്ചയ്ക്ക് കാരണമെന്ന് കരുതുന്നില്ലെന്ന് ഡിസിപി യാഷ് ഗാര്‍ഗ് പിടിഐയോട് പറഞ്ഞു. പ്രഥമദൃഷ്ടിയാല്‍തന്നെ കെട്ടിടത്തിന് ഘടനാപരമായ തകരാറുകളുണ്ടെന്ന് തോന്നുന്നു. പക്ഷേ, ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനമാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യമെന്നതിനാല്‍ കൃത്യമായി ഒന്നും പറയാന്‍ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it