India

വിഎച്ച്പിയുടെയും ബജ്‌റംഗ്ദളിന്റെയും പരാതിക്ക് പിന്നാലെ മംഗളൂരുവില്‍ മൂന്ന് ബീഫ് സ്റ്റാളുകള്‍ക്ക് തീയിട്ടു

സിഎംസി പ്രസിഡന്റ് ചിത്രകല ചന്ദ്രകാന്തും മറ്റ് അംഗങ്ങളും സംഭവത്തെ അപലപിച്ചു. മൂന്ന് കടകള്‍ക്കും ലൈസന്‍സ് ലഭിച്ചതാണെന്നും ഇവിടത്തന്നെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും ചന്ദ്രകാന്ത് പറഞ്ഞു

വിഎച്ച്പിയുടെയും ബജ്‌റംഗ്ദളിന്റെയും പരാതിക്ക് പിന്നാലെ മംഗളൂരുവില്‍ മൂന്ന് ബീഫ് സ്റ്റാളുകള്‍ക്ക് തീയിട്ടു
X

മംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ ഗോവധ നിരോധ നിയമം പാസാക്കി ദിവസങ്ങള്‍ക്കുള്ളില്‍ മംഗളൂരുവില്‍ മൂന്ന് ബീഫ് സ്റ്റാളുകള്‍ അക്രമികള്‍ തീവച്ച് നശിപ്പിച്ചു. ഈ ബീഫ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിഎച്ച്പിയും ബജ്‌റംഗ്ദളും പോലിസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് രാത്രിയുടെ മറവില്‍ ആക്രമണമുണ്ടായത്. മംഗളൂരുവിലെ ഉല്ലലില്‍ ലത്തീഫ്, ഖാദര്‍, ഹനീഫ് എന്നിവരുടെ സ്റ്റാളുകള്‍ക്കുനേരേ ശനിയാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ ഉപകരണങ്ങളടക്കം കത്തിനശിച്ചിട്ടുണ്ട്.

ആക്രമണം നടത്തിയത് ആരാണെന്നതില്‍ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ലെന്നാണ് പോലിസ് പറയുന്നത്. തോക്കോട്ട് മാര്‍ക്കറ്റില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പുറത്ത് താല്‍ക്കാലിക ഷെഡുകളിലാണ് മൂന്ന് സ്റ്റാളുകളും പ്രവര്‍ത്തിച്ചുവന്നിരുന്നത്. മാര്‍ക്കറ്റിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ നിലവില്‍ നടന്നുവരികയാണെന്ന് ഉല്ലാല്‍ സിറ്റി മുനിസിപ്പല്‍ കൗണ്‍സില്‍ (സിഎംസി) മുന്‍ അംഗം ഫാറൂഖ് ഉല്ലാല്‍ പറഞ്ഞു. കഴിഞ്ഞ 45 വര്‍ഷമായി തങ്ങള്‍ കടകള്‍ നടത്തിവരികയാണെന്ന് സ്റ്റാള്‍ ഉടമകളിലൊരാളായ ഹനീഫ് പറഞ്ഞു. ഉല്ലല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അധികൃതര്‍ അനുമതി നല്‍കിയ സ്ഥലത്താണ് സ്റ്റാള്‍ പ്രവര്‍ത്തിച്ചിരുന്നത്. മാര്‍ക്കറ്റിലെ നവീകരണസമയത്ത് ബദല്‍ സംവിധാനമൊരുക്കിയിരുന്നില്ല.

അക്രമത്തിന് പിന്നില്‍ ആരാണെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അയ്യൂബ് മഞ്ചില അക്രമം നടന്നകാര്യം സ്ഥിരീകരിച്ചു. ഇത്തരം സംഭവങ്ങള്‍ മേഖലയിലെ ഐക്യത്തെ ബാധിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഎംസി പ്രസിഡന്റ് ചിത്രകല ചന്ദ്രകാന്തും മറ്റ് അംഗങ്ങളും സംഭവത്തെ അപലപിച്ചു. മൂന്ന് കടകള്‍ക്കും ലൈസന്‍സ് ലഭിച്ചതാണെന്നും ഇവിടത്തന്നെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും ചന്ദ്രകാന്ത് പറഞ്ഞു. തീപ്പിടിത്തത്തെ തുടര്‍ന്ന് കത്തി നശിച്ച മൂന്ന് ബീഫ് സ്‌റ്റോളുകളും കൃത്യമായ ലൈസന്‍സോടുകൂടി പ്രവര്‍ത്തിച്ചിരുന്നവയാണെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം സിറ്റി പോലിസ് കമ്മീഷണര്‍ എന്‍ ശശികുമാറും പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. സ്റ്റാളുകള്‍ക്ക് തീയിട്ട അക്രമികളെ അറസ്റ്റുചെയ്യണമെന്ന് മംഗളൂരു എംഎല്‍എ യു ടി ഖാദര്‍ പോലിസിനോട് ആവശ്യപ്പെട്ടു. മേഖലയിലെ സമാധാനത്തെ തകര്‍ക്കാനുള്ള ശ്രമമാണിത്. അത്തരം സാമൂഹിക വിരുദ്ധരെ മാറ്റിനിര്‍ത്തണം. ഒരേ സ്ഥലത്ത് ഇറച്ചി വില്‍ക്കാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ക്രമീകരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. നശിപ്പിക്കപ്പെട്ട ബീഫ് സ്റ്റാളുകള്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും ജനുവരി ഏഴിനാണ് പോലിസിലും ഉല്ലല സിഎംസി കമ്മീഷണര്‍ക്കും പരാതി നല്‍കിയത്.

Next Story

RELATED STORIES

Share it