India

അഭിനന്ദനെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് കുടുംബം

കസ്റ്റഡിയിലായ അഭിനന്ദന്റെ മോചനത്തിനായി ആശങ്കയോടെയും പ്രാര്‍ത്ഥനയോടെയും കാത്തിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. ദക്ഷിണമേഖല സൈനിക ക്യാംപുകളിലെ ഉന്നത ഉദ്യോഗസ്ഥരും പാര്‍ലമെന്റ് അംഗങ്ങളും വിങ് കമാന്‍ഡറുടെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

അഭിനന്ദനെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് കുടുംബം
X

ചെന്നൈ: ഇന്ത്യ- പാക് ഏറ്റുമുട്ടലിനിടെ പാകിസ്ഥാന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തി സുരക്ഷിതമായി തിരികെയെത്തിക്കണമെന്ന ആവശ്യവുമായി കുടുംബം. കസ്റ്റഡിയിലായ അഭിനന്ദന്റെ മോചനത്തിനായി ആശങ്കയോടെയും പ്രാര്‍ത്ഥനയോടെയും കാത്തിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. ദക്ഷിണമേഖല സൈനിക ക്യാംപുകളിലെ ഉന്നത ഉദ്യോഗസ്ഥരും പാര്‍ലമെന്റ് അംഗങ്ങളും വിങ് കമാന്‍ഡറുടെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. എയര്‍മാര്‍ഷലും 41 വര്‍ഷം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിരുന്ന സിംഹക്കുട്ടി വര്‍ധമാന്റെ മകനാണ് വിങ് കമാന്‍ഡ് അഭിനന്ദന്‍ വര്‍ധമാന്‍. കാര്‍ഗില്‍ യുദ്ധസമയത്ത് വ്യോമസേനയുടെ കിഴക്കന്‍ മേഖല കമാന്‍ഡ് ചീഫായിരുന്നു എസ് വര്‍ധമാന്‍.

2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് തിരിച്ചടി നല്‍കിയ ഓപറേഷന്‍ കമാന്‍ഡ് മിഗ് യുദ്ധവിമാനങ്ങളുടെ വിദഗ്ധനായ അച്ഛന്റെ പാതയാണ് മകന്‍ അഭിനന്ദനും പിന്തുടര്‍ന്നത്. ബംഗളൂരുവിലും ഡല്‍ഹിയിലുമായുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും തുടര്‍ന്ന് വ്യോമസേനയിലേക്കും. അഭിനന്ദനും ഭാര്യയും രണ്ട് മക്കളും ഡല്‍ഹിയിലാണ് താമസിക്കുന്നത്. ചെന്നൈ താമ്പരം ചേലയൂര്‍ മാടമ്പാക്കം ജലവായു വിഹാര്‍ കോളനിയില്‍ മാതാപിതാക്കളാണുള്ളത്. അഭിനന്ദന്റെ വിഷയത്തില്‍ പ്രതികരിക്കാന്‍ തക്ക മാനസികാവസ്ഥയിലല്ലെന്ന് പിതാവ് സിംഹക്കുട്ടി വര്‍ധമാന്‍ മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു. ഇക്കാര്യമെഴുതിയ ചെറിയ ബോര്‍ഡും കോളനി ഗേറ്റില്‍ സ്ഥാപിച്ചു. വിവരമറിഞ്ഞ് ബുധനാഴ്ച വൈകീട്ട് നിരവധി ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ താമ്പരത്തെ വീട്ടിലെത്തിയിരുന്നു. കുടുംബാംഗങ്ങളും ബന്ധുക്കളും പ്രാര്‍ഥനയോടെയും ആശങ്കയോടെയുമാണ് കഴിയുന്നത്. 'സമണ' (തമിഴ് ജൈനര്‍) മതവിശ്വാസികളാണ് അഭിനന്ദന്റെ കുടുംബം.

ജന്‍മനാടായ തമിഴ്‌നാട്ടിലെ തിരുവണ്ണാമല തിരുപ്പനവൂര്‍ ഗ്രാമത്തില്‍നിന്ന് ജോലിയാവശ്യാര്‍ഥം ആറുവര്‍ഷം മുമ്പാണ് ചെന്നൈയിലെ മാടമ്പക്കത്തെ ഡിഫന്‍സ് അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറ്റുകയായിരുന്നു. 2004ല്‍ വ്യോമസേനയില്‍ ചേര്‍ന്ന അഭിനന്ദന്‍ ചെന്നൈ താമ്പരത്തെ തരമണി വ്യോമസേന കേന്ദ്രത്തിലാണ് പൈലറ്റായി (173 കോഴ്‌സ് വിഭാഗം) പരിശീലനം പൂര്‍ത്തിയാക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ച തകര്‍ന്നുവീണ മിഗ്- 21 യുദ്ധവിമാനത്തിന്റെ പൈലറ്റായാണ് അഭിനന്ദന്‍ സേവനമനുഷ്ഠിച്ചത്. ഉത്തരേന്ത്യന്‍ സ്വദേശിനിയായ അഭിനന്ദന്റെ ഭാര്യയും വ്യോമസേന പൈലറ്റായിരുന്നു. അഞ്ചുമാസം മുമ്പാണ് അഭിനന്ദന്‍ വീട്ടില്‍വന്ന് തിരിച്ചുപോയത്.

Next Story

RELATED STORIES

Share it