India

തമിഴ്‌നാട്ടില്‍ ജൂലൈ 31 വരെ ലോക്ക് ഡൗണ്‍ നീട്ടി; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

തമിഴ്‌നാട്ടില്‍ ജൂലൈ 31 വരെ ലോക്ക് ഡൗണ്‍ നീട്ടി; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
X

ചെന്നൈ: കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാവാത്ത സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ ഈ മാസം 31 വരെ നീട്ടി. പ്രതിദിന കേസുകളില്‍ കുറവ് രേഖപ്പെടുത്തിയതിനാല്‍ കൂടുതല്‍ ഇളവുകളോടെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. സ്‌കൂളുകളും കോളജുകളും അടച്ചിരിക്കും. എങ്കിലും പുതിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് വ്യാവസായിക സ്‌കൂളുകള്‍, ഐടിഐകള്‍ (ഇന്‍ഡസ്ട്രിയല്‍ ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍), ടൈപ്പ്‌റൈറ്റിങ് സ്‌കൂളുകള്‍ എന്നിവ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 50 പേര്‍ എന്ന ക്രമത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്.സ്‌കൂളുകളില്‍ മുഴുവന്‍ അധ്യാപകര്‍ക്കും ഓഫിസ് ജോലിക്കായി എത്താം.

പ്രവേശന പ്രക്രിയയ്ക്കും പുസ്തക വിതരണത്തിനുമാണ് അധ്യാപകരെ സ്‌കൂളുകളില്‍ അനുവദിച്ചത്. എന്നാല്‍, ക്ലാസുകള്‍ ഓണ്‍ലൈനായിത്തന്നെ തുടരണം. വിവാഹത്തിന് 50 പേര്‍ക്കും സംസ്‌കാര ചടങ്ങിന് 20 പേര്‍ക്കും പങ്കെടുക്കാം. തമിഴ്‌നാട്ടില്‍ ഏര്‍പ്പെടുത്തിയ നിലവിലെ ലോക്ക് ഡൗണ്‍ ജൂലൈ 19നാണ് അവസാനിക്കുക. ആരോഗ്യവിദഗ്ധരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. പകര്‍ച്ചവ്യാധിയുടെ മൂന്നാമത്തെ തരംഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ അനാവശ്യമായി വീടുകളില്‍നിന്ന് ഇറങ്ങി ജനക്കൂട്ടമുണ്ടാക്കരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

പുതുച്ചേരിയിലേക്കും പുറത്തേക്കും ഒഴികെയുള്ള അന്തര്‍സംസ്ഥാന ബസ്സുകള്‍ക്കുള്ള നിരോധനം തുടരും. തിയറ്ററുകള്‍, ബാറുകള്‍, നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍, മൃഗശാലകള്‍, എല്ലാത്തരം മീറ്റിങ്ങുകള്‍, വിനോദം, സാംസ്‌കാരിക പരിപാടികള്‍ എന്നിവയ്ക്കും വിലക്കുണ്ട്. തമിഴ്‌നാട്ടില്‍ വെള്ളിയാഴ്ച മാത്രം 3949 പോസിറ്റീസ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതില്‍ ചെന്നൈയില്‍ മാത്രം 2,167 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 2 പേരാണ് കൊവിഡ് രോഗബാധയെത്തുടര്‍ന്ന് മരിച്ചത്. തമിഴ്‌നാട്ടില്‍ ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന രോഗ നിരക്കാണ് വെള്ളിയാഴ്ച റിപോര്‍ട്ട് ചെയ്തത്.

Next Story

RELATED STORIES

Share it