India

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് വിലക്കേര്‍പ്പെടുത്തി തമിഴ്‌നാട്

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് വിലക്കേര്‍പ്പെടുത്തി തമിഴ്‌നാട്
X

ചെന്നൈ: വിഷാംശം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ആല്‍മണ്ട് കിറ്റ് എന്ന കഫ് സിറപ്പിന്റെ നിര്‍മാണവും വിതരണവും ഉപയോഗവും നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ശാസ്ത്രീയ പരിശോധനയില്‍ ഉയര്‍ന്ന വിഷാംശമുള്ള ഈതലീന്‍ ഗ്ലൈക്കോള്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ബീഹാറില്‍ നിര്‍മിച്ച സിറപ്പില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന ഈതലീന്‍ ഗ്ലൈക്കോളിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് അധികൃതര്‍ അറിയിച്ചു. ഈ മരുന്നിന്റെ ഉപയോഗം വൃക്ക, മസ്തിഷ്‌കം, ശ്വാസകോശം എന്നിവയ്ക്ക് തകരാറുണ്ടാക്കുകയും ചിലഘട്ടങ്ങളില്‍ മരണത്തിനുപോലും കാരണമായേക്കാമെന്നും തമിഴ്‌നാട് ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.

ആല്‍മണ്ട് കിറ്റ് സിറപ്പിന്റെ വില്‍പന ഉടനടി നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ഷോപ്പുകള്‍ക്കും ആശുപത്രികള്‍ക്കും ഫാര്‍മസികള്‍ക്കും ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ മരുന്ന് കൈവശമുള്ളവര്‍ അവ സുരക്ഷിതമായി സംസ്‌കരിക്കുന്നതിനായി അധികൃതരെ ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

വൃക്ക തകരാറിന് കാരണമാകുന്ന ഡയാത്തൈലീന്‍ ഗ്ലൈക്കോള്‍, ഈതൈലീന്‍ ഗ്ലൈക്കോള്‍ എന്നിവ പല കഫ്‌സിറപ്പുകളിലും ഉയര്‍ന്ന അളവില്‍ കണ്ടെത്തിയ നിരവധി സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. എഞ്ചിനുകളിലെ കൂളിങ് ഏജന്റുകള്‍, ബ്രേക് ഫ്‌ലൂയിഡ്, കോസ്‌മെറ്റിക് ഉത്പന്നങ്ങള്‍, ലൂബ്രിക്കന്റുകള്‍ എന്നിവയിലെല്ലാം ഉപയോഗിക്കുന്ന ഈ കെമിക്കലുകള്‍ ചെറിയ അളവില്‍ ശരീരത്തിലെത്തുന്നതു പോലും മരണകാരണമായേക്കാം എന്നും മരുന്നുകളില്‍ ഇവ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്.

2019 മുതല്‍ രാജ്യത്ത് നിര്‍മിക്കുന്ന സിറപ്പുകളില്‍ വിഷമയമാര്‍ന്ന ഘടകങ്ങളടങ്ങിയതു കണ്ടെത്തിയതും ഉസ്‌ബെക്കിസ്താന്‍, ഗാംബിയ, കാമറൂണ്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇതുസംബന്ധിച്ച് 141 മരണങ്ങളുണ്ടാകുകയും ചെയ്ത പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തിയിരുന്നു.




Next Story

RELATED STORIES

Share it