India

ബംഗാളില്‍ ബിജെപി ടിക്കറ്റില്‍ മല്‍സരിച്ച് തോറ്റ സ്വപന്‍ ദാസ് ഗുപ്ത വീണ്ടും രാജ്യസഭയിലേക്ക്

ബംഗാളില്‍ ബിജെപി ടിക്കറ്റില്‍ മല്‍സരിച്ച് തോറ്റ സ്വപന്‍ ദാസ് ഗുപ്ത വീണ്ടും രാജ്യസഭയിലേക്ക്
X

ന്യൂഡല്‍ഹി: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച് പരാജയപ്പെട്ട സ്വപന്‍ ദാസ് ഗുപ്ത രാജ്യസഭയിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് രാജ്യസഭാ അംഗത്വം രാജിവച്ച സ്വപന്‍ ദാസ് ഗുപ്തയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് രാജ്യസഭയിലേക്ക് വീണ്ടും നാമനിര്‍ദേശം ചെയ്തത്. മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ സ്വപന്‍ ദാസ് ഗുപ്തയെ ഒഴിവുവന്ന സീറ്റിലേക്കാണ് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തത്.

കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സ്വപന്‍ ദാസ് ഗുപ്തയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യണമെന്ന ശുപാര്‍ശ വിജ്ഞാപനമായി രാഷ്ട്രപതിക്ക് കൈമാറിയത്. ഇത് രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു. സാഹിത്യം, ശാസ്ത്രം, കായികം, കല, സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍നിന്നുള്ളവരെ രാജ്യസഭയിലേക്ക് രാഷ്ട്രപതിക്ക് നാമനിര്‍ദേശം ചെയ്യാം. സ്വപന്‍ദാസ് ഗുപ്തയെ 2016ലാണ് ആദ്യമായി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹം ബിജെപിയില്‍ ചേരുകയും നിയമസഭയിലേക്ക് സ്ഥാനാര്‍ഥിയാവുകയുമായിരുന്നു.

സ്വപന്‍ദാസ് ഗുപ്ത നാമനിര്‍ദേശം ചെയ്യപ്പെട്ട എംപിയായി തുടര്‍ന്നുകൊണ്ട് മല്‍സരിക്കുന്നത് തൃണമൂല്‍ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. അയോഗ്യത സംബന്ധിച്ച വിവാദങ്ങള്‍ ശക്തമാവുന്നതിനിടെയായിരുന്നു സ്വപന്‍ ദാസ് ഗുപ്ത രാജ്യസഭാംഗത്വം രാജിവച്ചത്. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വപന്‍ദാസ് ഗുപ്ത തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാമേന്ദു സിന്‍ഹാരേയോട് 9,127 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

Next Story

RELATED STORIES

Share it