Big stories

ഏക സിവില്‍ കോഡ് എന്ത് കൊണ്ട് നടപ്പാക്കുന്നില്ലെന്ന് സുപ്രിം കോടതി

നിരവധി തവണ സുപ്രിംകോടതിയില്‍ നിന്ന് പരാമര്‍ശം ഉണ്ടായിട്ടും ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ രാജ്യത്ത് ഇതുവരെ ശ്രമം ഉണ്ടായിട്ടില്ലെന്ന് സുപ്രിംകോടതി വിമര്‍ശിച്ചു.

ഏക സിവില്‍ കോഡ് എന്ത് കൊണ്ട് നടപ്പാക്കുന്നില്ലെന്ന് സുപ്രിം കോടതി
X

ന്യൂഡല്‍ഹി: ഏകീകൃത വ്യക്തിനിയമ(ഏക സിവില്‍ കോഡ്) ചര്‍ച്ച വീണ്ടും ഉയര്‍ത്തിക്കൊണ്ടു വന്ന് സുപ്രിം കോടതി. നിരവധി തവണ സുപ്രിംകോടതിയില്‍ നിന്ന് പരാമര്‍ശം ഉണ്ടായിട്ടും ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ രാജ്യത്ത് ഇതുവരെ ശ്രമം ഉണ്ടായിട്ടില്ലെന്ന് സുപ്രിംകോടതി വിമര്‍ശിച്ചു.

ഏകീകൃത വ്യക്തി നിയമം നടപ്പിലാക്കിയതില്‍ മികച്ച ഉദാഹരണമാണ് ഗോവയെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. പരിമിതമായ ചില അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ട്, മത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യം അവകാശം ഉറപ്പാക്കാന്‍ ഗോവ സ്വീകരിച്ച നടപടികളെ സുപ്രിം കോടതി അഭിനന്ദിച്ചു.

ഗോവയിലെ സ്വത്തവകാശവുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ജസ്റ്റിസുമാരായ ദീപക് ഗുപ്തയും അനിരുദ്ധ ബോസുമുള്‍പ്പെട്ട ബെഞ്ച് ഈ പരാമര്‍ശം നടത്തിയത്. മുത്തലാഖ് ബില്ലിന് പിന്നാലെ ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന ആവശ്യം ബിജെപി ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിനിടയിലാണ് കോടതിയുടെ പരാമര്‍ശം.

സര്‍ക്കാര്‍ നയത്തിന്റെ മാര്‍ഗനിര്‍ദേശക തത്വങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 44ാം അനുച്ഛേദം ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് പറയുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യ മുഴുവന്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് അതില്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍, ഇന്നുവരെ അക്കാര്യത്തില്‍ ഒരു നീക്കവുമുണ്ടായില്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

ഹിന്ദു നിയം 1956ല്‍ തന്നെ പാസാക്കിയിട്ടുണ്ടെങ്കിലും, പല തവണ കോടതി പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും എല്ലാ പൗരന്മാര്‍ക്കും ബാധകമാവുന്ന ഏകീകൃത സിവില്‍ നിയമം നടപ്പാക്കാനുള്ള ശ്രമം ഇതുവരെ ഉണ്ടായിട്ടില്ല-31 പേജുള്ള വിധിന്യായത്തില്‍ പറയുന്നു.

ഷാബാനു കേസും(1985) സരള മുദ്ഗല്‍ കേസും(1995) വിധി ന്യായത്തില്‍ സുപ്രിം കോടതി പരാമര്‍ശിച്ചു. 60 വയസുകാരിയായ വിധവ ഷാബാനുവിന് ജീവനാംശം നല്‍കുന്നതുമായി ബന്ധപ്പെട്ട ഷാബാനു കേസിലും ദ്വിഭാര്യാത്വവുമായി ബന്ധപ്പെട്ട സരള മുദ്ഗല്‍ കേസിലും ഏക സിവില്‍ കോഡ് നടപ്പാക്കേണ്ടതിന്റെ ആവശ്യകത സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്താണ് ഏകീകൃത വ്യക്തിനിയമം?

ജാതിമതവര്‍ഗ വ്യത്യാസമില്ലാതെ രാജ്യത്തെ ഏത് പൗരന്റെയും വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ജീവനാംശം തുടങ്ങിയ കാര്യങ്ങളെ സംബന്ധിക്കുന്ന പൊതുവായ നിയമനിര്‍മാണമാണ് ഏകീകൃത വ്യക്തിനിയമം കൊണ്ടുദ്ദേശിക്കുന്നത്. നിലവില്‍ അതത് മതവുമായി ബന്ധപ്പെട്ട വ്യക്തിനിയമങ്ങളാണ് ഇക്കാര്യത്തില്‍ ഇന്ത്യയില്‍ പിന്തുടരുന്നത്.

ഏത് മതക്കാരനും അവരുടെ മതമനുസരിച്ച് ജീവിക്കാനുള്ള അവകാശം നിഷേധിക്കലാണ് ഏക സിവില്‍കോഡിലൂടെ സംഭവിക്കുകയെന്നും ഇത് ഇന്ത്യയുടെ മതേതര സങ്കല്‍പ്പങ്ങള്‍ക്ക് എതിരാണെന്നുമുള്ള വിമര്‍ശനമാണ് പ്രധാനമായും ഇതിനെതിരേ ഉയരുന്നത്.

Next Story

RELATED STORIES

Share it