India

സ്മൃതി മന്ദാനയുടെ മുന്‍ കാമുകന്‍ പലാഷ് മുച്ഛലിനെതിരേ വഞ്ചനാക്കുറ്റത്തിന് കേസ്; 40 ലക്ഷം തട്ടിയെന്ന് പരാതി

സ്മൃതി മന്ദാനയുടെ മുന്‍ കാമുകന്‍ പലാഷ് മുച്ഛലിനെതിരേ വഞ്ചനാക്കുറ്റത്തിന് കേസ്; 40 ലക്ഷം തട്ടിയെന്ന് പരാതി
X

സാംഗ്ലി: സംഗീത സംവിധാകനും ഗായകനുമായ പലാഷ് മുച്ഛലിനെതിരേ വഞ്ചനാക്കുറ്റത്തിന് കേസ്. സിനിമയില്‍ നിക്ഷേപം നടത്തിയാല്‍ വന്‍ ലാഭം വാഗ്ദാനം ചെയ്ത് മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ സാംഗ്ലി പോലിസ് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

നടനും നിര്‍മാതാവുമായ വിഗ്യാന്‍ മാനെ(34) ആണ് പലാഷ് മുച്ഛലിനെതിരെ സാംഗ്ലി പോലിസ് സൂപ്രണ്ടിന് പരാതി നല്‍കിയത്. പരാതി പ്രകാരം, 2023 ഡിസംബര്‍ 5-നാണ് വിഗ്യാന്‍ മാനെ പലാഷിനെ ആദ്യമായി കാണുന്നത്. തന്റെ പുതിയ സിനിമയായ 'നസാരിയ'യില്‍ നിര്‍മ്മാതാവായി നിക്ഷേപം നടത്താന്‍ പലാഷ് ഇയാളെ ക്ഷണിക്കുകയായിരുന്നു.

25 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ സിനിമ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുമ്പോള്‍ 12 ലക്ഷം രൂപ ലാഭം നല്‍കാമെന്നും, കൂടാതെ ചിത്രത്തില്‍ ഒരു വേഷം നല്‍കാമെന്നും പലാഷ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2023 ഡിസംബറിനും 2025 മാര്‍ച്ചിനും ഇടയില്‍ പലതവണകളായി 40 ലക്ഷം രൂപ വിഗ്യാന്‍ മാനെ പലാഷിന് കൈമാറി. എന്നാല്‍ സിനിമ പൂര്‍ത്തിയായില്ല. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പലാഷ് പ്രതികരിക്കാതായതോടെയാണ് വിഗ്യാന്‍ പോലിസിനെ സമീപിച്ചത്.

പരാതിയെക്കുറിച്ച് പലാഷ് മുച്ഛല്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുമായുള്ള പലാഷിന്റെ വിവാഹ നിശ്ചയം നടന്നുവെങ്കിലും വിവാഹദിവസം കല്യാണം മുടങ്ങിയിരുന്നു. നവംബര്‍ 23-ന് നിശ്ചയിച്ചിരുന്ന വിവാഹം സ്മൃതിയുടെ പിതാവ് ആശുപത്രിയിലായതിനെത്തുടര്‍ന്ന് ആദ്യം മാറ്റിവെക്കുകയും പിന്നീട് പൂര്‍ണ്ണമായും ഉപേക്ഷിക്കുകയുമായിരുന്നു. തങ്ങള്‍ വേര്‍പിരിയുകയാണെന്നും അടിസ്ഥാനരഹിതമായ കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും പലാഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. പലാഷിന്റെ ചില വഴിവിട്ട ബന്ധങ്ങളാണ് വിവാഹം മുടങ്ങാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.



Next Story

RELATED STORIES

Share it