India

സിറ്റിങ് സീറ്റുകള്‍ വിട്ടുകൊടുത്ത് വിട്ടുവീഴ്ചയ്ക്കില്ല; എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ കേരളത്തിലേയ്ക്ക്

പാര്‍ട്ടി സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളുമായി ഒറ്റയ്‌ക്കൊറ്റക്ക് അദ്ദേഹം ചര്‍ച്ച നടത്തും. മുന്നണി വിടുന്നതിന്റെ അന്തിമതീരുമാനം ചര്‍ച്ച പൂര്‍ത്തിയാക്കി തിരികെ മുംബൈയിലെത്തിയ ശേഷം പവാര്‍ പ്രഖ്യാപിക്കും.

സിറ്റിങ് സീറ്റുകള്‍ വിട്ടുകൊടുത്ത് വിട്ടുവീഴ്ചയ്ക്കില്ല; എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ കേരളത്തിലേയ്ക്ക്
X

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ എന്‍സിപി സംസ്ഥാന ഘടകത്തില്‍ ഉടലെടുത്ത തര്‍ക്കം പരിഹരിക്കാന്‍ ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ കേരളത്തിലേയ്‌ക്കെത്തുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ പവാര്‍ കേരളത്തിലെത്തും. പ്രഫുല്‍ പട്ടേലും പാവറിനൊപ്പം കേരളത്തിലെത്തും. പാര്‍ട്ടി സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളുമായി ഒറ്റയ്‌ക്കൊറ്റക്ക് അദ്ദേഹം ചര്‍ച്ച നടത്തും. മുന്നണി വിടുന്നതിന്റെ അന്തിമതീരുമാനം ചര്‍ച്ച പൂര്‍ത്തിയാക്കി തിരികെ മുംബൈയിലെത്തിയ ശേഷം പവാര്‍ പ്രഖ്യാപിക്കും. പാലാ അടക്കം സിറ്റിങ് സീറ്റുകള്‍ വിട്ടുകൊടുത്ത് വിട്ടുവീഴ്ച വേണ്ടെന്ന് ശരത് പവാറിന്റെ നിലപാട്. സിറ്റിങ് സീറ്റ് വിട്ടുനല്‍കി ഇടതുമുന്നണിയില്‍ തുടരേണ്ടതില്ലെന്നും പവാര്‍ വ്യക്തമാക്കി.

സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്ററാണ് പവാറിന്റെ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുക്കുമെന്ന് മുന്നണി അറിയിച്ചാല്‍ അപ്പോള്‍ തീരുമാനം അറിയിക്കും. സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് ശരദ് പവാര്‍ പറഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കോട്ടയത്ത് നേട്ടമുണ്ടാക്കിയതായി തോന്നുന്നില്ല. നിയമസഭാ സമ്മേളനം കഴിയുന്നതുവരെ രാഷ്ട്രീയ തീരുമാനത്തിനായി കാത്തിരിക്കേണ്ടതില്ല. പാലാ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇവിടെ എന്‍സിപി തന്നെ മല്‍സരിക്കും. കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം എ കെ ശശീന്ദ്രനും ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലായില്‍ എന്‍സിപി തന്നെ മല്‍സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ സമ്മേളനത്തിനുശേഷം ഇടതുമുന്നണി വിടാനാണ് എന്‍സിപി നീക്കം. എന്നാല്‍, ഈ തീരുമാനത്തോട് ശശീന്ദ്രന്‍ പക്ഷത്തിന് എതിര്‍പ്പാണ്. ഇതുമായി ബന്ധപ്പെട്ട് എ കെ ശശീന്ദ്രന്‍ ശരദ് പവാറിനെ സന്ദര്‍ശിച്ചിരുന്നു. മുന്നണി മാറ്റം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് ശശീന്ദ്രന്‍ പവാറിനെ അറിയിച്ചത്. എന്നാല്‍, ഇതിന് പിന്നാലെ ശരദ് പവാറിനെ കാണാന്‍ മാണി സി കാപ്പനും പീതാംബരന്‍ മാസ്റ്ററും ബുധനാഴ്ച മുംബൈയിലെത്തിയിരുന്നു. അരനുറ്റാണ്ടിനുശേഷം പിടിച്ചെടുത്ത പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍ ആവര്‍ത്തിച്ചു.

Next Story

RELATED STORIES

Share it