India

സില്‍ക്യാര രക്ഷാദൗത്യം വിജയം; 10 പേര്‍ പുറത്തെത്തി

സില്‍ക്യാര രക്ഷാദൗത്യം വിജയം; 10 പേര്‍ പുറത്തെത്തി
X


ഉത്തരകാശി: 17 ദിവസം മരണത്തെ മുഖാമുഖം കണ്ടുള്ള ഒറ്റപ്പെടലിനും ആശങ്കകള്‍ക്കും ഒടുവില്‍ രാജ്യത്തിന്റെയാകെ പ്രാര്‍ഥന സഫലമാക്കി സില്‍ക്യാര രക്ഷാദൗത്യം വിജയം. ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളില്‍ 10 പേരെ പുറത്തെത്തിച്ചു. അവശിഷ്ടങ്ങളുടെ തുരക്കല്‍ അവസാനിച്ചു. ആദ്യ ആംബുലന്‍സ് തുരങ്കത്തിനുള്ളിലേക്ക് പ്രവേശിച്ചു. ദൗത്യം വിജയകരമെന്ന് അധികൃതര്‍ അറിയിച്ചു. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള സ്‌ട്രെച്ചറുകളുമായി ദുരന്തനിവാരണ സേനാംഗങ്ങള്‍ തുരങ്കത്തിന് അകത്തേക്ക് കയറി. കരസേനാംഗങ്ങളും ദുരന്ത നിവാരണ സേനാംഗങ്ങളും കുഴലിലൂടെ തൊഴിലാളികള്‍ക്ക് അരികിലെത്തി ഓരോരുത്തരെയായി പുറത്തെത്തിക്കുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകും.

യന്ത്രങ്ങള്‍ ഉപയോഗിക്കാതെ തുരങ്കത്തിലെ അവശിഷ്ടങ്ങള്‍ നീക്കിയാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. തുരങ്ക നിര്‍മാണ കമ്പനിയിലെ തൊഴിലാളികളാണ് അവശിഷ്ടം നീക്കിയത്. ഇന്ന് ആറു മീറ്ററോളം അവശിഷ്ടം നീക്കി. ഇന്ത്യന്‍ സൈന്യം സ്ഥലത്തുണ്ടായിരുന്നെങ്കിലും സേവനം ഉപയോഗപ്പെടുത്തിയില്ല. തുരങ്കത്തില്‍ കുടുങ്ങിയവരുടെ ബന്ധുക്കളോട് തയാറായിരിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ നിര്‍ദേശം നല്‍കിയിരുന്നു. 'അവരുടെ വസ്ത്രങ്ങളും ബാഗുകളും തയാറാക്കി വയ്ക്കൂ' എന്നാണ് അധികൃതര്‍ തുരങ്കത്തിനു പുറത്ത് കാത്തുനില്‍ക്കുന്ന ബന്ധുക്കളോട് പറഞ്ഞത്. പുറത്തെത്തിച്ച ഉടനെ തന്നെ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റുമെന്നും അറിയിച്ചു. തൊഴിലാളികളെ കാണാനായി ക്ഷമയോടെ കാത്തിരിക്കുകയാണ് ബന്ധുക്കള്‍.

അതേസമയം മലയുടെ മുകളില്‍നിന്ന് താഴേക്ക് കുഴിക്കുന്ന ജോലിയും പുരോഗമിക്കുന്നുണ്ട്. 86 മീറ്റര്‍ കുഴിക്കേണ്ടതില്‍ 40 ശതമാനം പൂര്‍ത്തിയായി. 36 മീറ്റര്‍ ഇതുവരെ കുഴിക്കാനായെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മെംബര്‍ ലഫ്റ്റനന്റ് ജനറല്‍ (റിട്ട.) സയീദ് അത ഹസ്‌നൈന്‍ പറഞ്ഞു. തുരങ്കത്തിലൂടെ കുഴല്‍ കടത്താനുള്ള ശ്രമം പരാജയപ്പെട്ടാല്‍ ഈ വഴിയിലൂടെ തൊഴിലാളികളിലേക്ക് എത്തുകയാണ് ലക്ഷ്യം. അതേസമയം മഴ പെയ്യാനും തണുപ്പ് കൂടാനുള്ള സാഹചര്യം ഉള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകാനുള്ള സാധ്യതയും നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കുഴലില്‍ വെള്ളിയാഴ്ച കുടുങ്ങിയ ഡ്രില്ലിങ് യന്ത്രം ഇന്നലെ രാവിലെ പുറത്തെടുക്കാന്‍ സാധിച്ചതാണ് ദൗത്യത്തിനു പുതുജീവനേകിയത്. പിന്നാലെ കുഴലിലൂടെ നിരങ്ങിനീങ്ങിയ രക്ഷാപ്രവര്‍ത്തകര്‍ തുരങ്കത്തില്‍ അടിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയിലെ ഇരുമ്പും സ്റ്റീല്‍ പാളികളും ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു നീക്കം ചെയ്യാന്‍ തുടങ്ങി. മണിക്കൂറുകള്‍ അധ്വാനിച്ച് ഏതാനും ഭാഗത്തെ അവശിഷ്ടങ്ങള്‍ നീക്കിയശേഷം ഇവര്‍ പുറത്തിറങ്ങി. തുടര്‍ന്ന്, പുറത്തുള്ള യന്ത്രത്തിന്റെ സഹായത്തോടെ അതിശക്തമായി കുഴല്‍ അകത്തേക്കു തള്ളി. വീണ്ടും രക്ഷാപ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി അവശിഷ്ടങ്ങള്‍ നീക്കി. ഈ രീതിയില്‍ ഇഞ്ചിഞ്ചായാണ് കുഴല്‍ മുന്നോട്ടു നീക്കിയത്.





Next Story

RELATED STORIES

Share it