Big stories

കോയമ്പത്തൂരിനടുത്ത് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ പെട്ട് 20 പേര്‍ മരിച്ചു; ഏറെയും മലയാളികള്‍

ലോറിയുടെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറിയിലുണ്ടായിരുന്നവര്‍ ഓടിപ്പോയിരിക്കുകയാണ്.

കോയമ്പത്തൂരിനടുത്ത് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ പെട്ട് 20 പേര്‍ മരിച്ചു; ഏറെയും മലയാളികള്‍
X

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ അവിനാശിയില്‍ ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചു.

പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച് കെഎസ്ആര്‍ടിസി അപകടത്തില്‍ പെട്ടത്. 10 പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അഞ്ച് സ്ത്രീകളും 11 പുരുഷന്മാരുമാണ് മരിച്ചത്. 23 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകര്‍ന്ന നിലയിലാണ്.

മരിച്ചവരില്‍ കൃഷ് (29), ജോര്‍ദന്‍ (35), കിരണ്‍കുമാര്‍ (33), ഇഗ്നി റാഫേല്‍ (39), റോസ്‌ലി (61) എന്നിവരെ തിരിച്ചറിഞ്ഞു. ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ കണ്ടെയ്‌നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. കേരള രജിസ്‌ട്രേഷനിലുള്ള ലോറിയാണ് ഇത്.

കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറും കണ്ടക്ടറും മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ടിഡി ഗിരീഷ്, ബൈജു എന്നിവരാണ് മരിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ അവിനാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ടാണ് ബസ് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്. പാലക്കാട്, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസര്‍വ് ചെയ്ത യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ബസില്‍ എറണാകുളത്തേക്ക് 25 പേരും, തൃശ്ശൂരേക്ക് 19 പേരും, പാലക്കാട്ടേക്ക് നാലുപേരുമാണ് റിസര്‍വ് ചെയ്തിരുന്നത്.

ലോറിയുടെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറിയിലുണ്ടായിരുന്നവര്‍ ഓടിപ്പോയിരിക്കുകയാണ്. കൂട്ടിയിടിയുടെ ആഘാതത്തില്‍ ബസിന്റെ ഒരുഭാഗം ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. എറണാകുളം ഡിപ്പോയിലെ വാഹനമാണ് അപകടത്തില്‍ പെട്ടത്. 48 പേരായിരുന്നു ബസിലുണ്ടായിരുന്നത്.

കണ്ടെയ്‌നര്‍ ലോറി ഇടിച്ച ഭാഗത്തുണ്ടായിരുന്ന യാത്രക്കാര്‍ മരിച്ചുവെന്നാണ് കരുതുന്നത്. ഇവരില്‍ ചിലരുടെ ശരീരഭാഗങ്ങള്‍ ഇടിയുടെ ആഘാതത്തില്‍ ഛിന്നഭിന്നമായി പോയിട്ടുണ്ട്. ബസിലും കണ്ടെയ്‌നര്‍ ലോറിയിലുമായി ചിതറിക്കിടന്ന ശരീര ഭാഗങ്ങള്‍ പോലിസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് മാറ്റി.

തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് മരിച്ചവരുടെ മൃതദേഹങ്ങള്‍ മാറ്റി. അപകടം നടന്നത് നഗരത്തില്‍ നിന്ന് വളരെ അകലെ ആയിരുന്നതിനാലും അര്‍ധ രാത്രിയിലായിരുന്നതിനാലും രക്ഷാപ്രവര്‍ത്തനം വൈകിയാണ് തുടങ്ങിയത്. ആദ്യം തദ്ദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. പിന്നീട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘവും പോലീസും സ്ഥലത്തെത്തി.

അതേസമയം രണ്ട് മന്ത്രിമാർ ഉടനെ തിരുപ്പൂരിലേക്ക് തിരിക്കും. ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ, കൃഷി മന്ത്രി വിഎസ് സുനിൽകുമാർ എന്നിവരോട് തമിഴ്നാട്ടിലെത്തി ആശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

Next Story

RELATED STORIES

Share it