India

തൊഴില്‍കോഡില്‍ മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കും: കേന്ദ്രമന്ത്രി വി മുരളീധരന്‍

ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പരിമിതി സ്വാഭാവികമായും മാധ്യമസ്ഥാപനങ്ങളേയും ബാധിക്കും. മാധ്യമസ്ഥാപനങ്ങളുടെ താല്പര്യവും മാധ്യമപ്രവര്‍ത്തകരുടെ താല്പര്യവും ഒന്നല്ല. മറ്റു മേഖലകളില്‍ വരുന്ന മാറ്റത്തിനു മാധ്യമങ്ങളും വിധേയമാവേണ്ടിവരും.

തൊഴില്‍കോഡില്‍ മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കും: കേന്ദ്രമന്ത്രി വി മുരളീധരന്‍
X

ന്യൂഡല്‍ഹി: തൊഴില്‍കോഡിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യമുണ്ടാവില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരന്‍. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ ആരുടെയെങ്കിലും നിയന്ത്രണത്തിനുവിധേയമായി പ്രവര്‍ത്തിക്കണമെന്ന അഭിപ്രായം സര്‍ക്കാരിനില്ല. മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തകരും രണ്ടാണ്. ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പരിമിതി സ്വാഭാവികമായും മാധ്യമസ്ഥാപനങ്ങളേയും ബാധിക്കും. മാധ്യമസ്ഥാപനങ്ങളുടെ താല്പര്യവും മാധ്യമപ്രവര്‍ത്തകരുടെ താല്പര്യവും ഒന്നല്ല. മറ്റു മേഖലകളില്‍ വരുന്ന മാറ്റത്തിനു മാധ്യമങ്ങളും വിധേയമാവേണ്ടിവരും.

എന്നാല്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് വഹിക്കാവുന്ന ഒരു പങ്ക് സമൂഹത്തിലുണ്ട്. അതുകൊണ്ടുതന്നെ മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍സുരക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തും. മാധ്യമപ്രവര്‍ത്തനം എന്ന ജോലിയുടെ സവിശേഷത കണക്കിലെടുത്ത് നിര്‍ഭയമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടാവണം. അതിനുള്ള ചുമതലയും പ്രതിബദ്ധതയും സര്‍ക്കാരിനുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു. യാഥാര്‍ഥ്യവുമായി പൂര്‍ണമായും സത്യസന്ധത പുലര്‍ത്താതെ വാര്‍ത്തകള്‍ അവതരിപ്പിക്കുന്നുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചിന്തിക്കണം. ജനങ്ങള്‍ മുഴുവന്‍ ചര്‍ച്ച ചെയ്യാനും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ക്കൊണ്ടുവരാനുമുള്ള വിഷയങ്ങള്‍ ഏറ്റെടുക്കണം. സമൂഹം പ്രതീക്ഷിക്കുന്ന രീതിയില്‍ മാധ്യമപ്രവര്‍ത്തനം നടത്താന്‍ പുതുതലമുറയ്ക്കു കഴിയണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മലയാളികളുടെ മനസ്സില്‍ മാധ്യമങ്ങള്‍ക്കൊരു സ്ഥാനമുണ്ടെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ കേരള സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി എ സമ്പത്ത് പറഞ്ഞു. മല്‍സരത്തിന്റെ കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രതയും ആത്മപരിശോധനയും നടത്തേണ്ടതുണ്ട്. ആവിഷ്‌കാരസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ജനപ്രതിനിധികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കുമൊക്കെ ഉത്തരവാദിത്വമുണ്ടെന്നും സമ്പത്ത് പറഞ്ഞു. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്നതില്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന് ഡീന്‍ കുര്യാക്കോസ് എംപി അഭിപ്രായപ്പെട്ടു. പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം പ്രസിഡന്റ് മിജി ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിദ്ദീഖ് കാപ്പന്‍, ട്രഷറര്‍ ലിജോ വര്‍ഗീസ് എന്നിവരും സംസാരിച്ചു.

Next Story

RELATED STORIES

Share it