India

ജഡ്ജിമാര്‍ക്കെതിരായ പരാമര്‍ശം; പ്രശാന്ത് ഭൂഷന്റെ ഖേദപ്രകടനവും വിശദീകരണവും സുപ്രിംകോടതി തള്ളി

കേസില്‍ വിശദമായി വാദം കേള്‍ക്കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് തീരുമാനിച്ചു. അടുത്ത തിങ്കളാഴ്ച കോടതി കേസില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കും.

ജഡ്ജിമാര്‍ക്കെതിരായ പരാമര്‍ശം; പ്രശാന്ത് ഭൂഷന്റെ ഖേദപ്രകടനവും വിശദീകരണവും സുപ്രിംകോടതി തള്ളി
X

ന്യൂഡല്‍ഹി: കോടയിലക്ഷ്യക്കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ വിശദീകരണവും ഖേദപ്രകടനവും സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ജഡ്ജിമാര്‍ക്കെതിരായ പരാമര്‍ശത്തിലാണ് പ്രശാന്ത് ഭൂഷനെതിരേ സുപ്രിംകോടതി കോടതിയലക്ഷ്യക്കേസെടുത്തത്. അഴിമതിയെക്കുറിച്ച് പ്രശാന്ത് ഭൂഷന്‍ നടത്തിയ പരാമര്‍ശം പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമാവുമോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. കേസില്‍ വിശദമായി വാദം കേള്‍ക്കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് തീരുമാനിച്ചു. അടുത്ത തിങ്കളാഴ്ച കോടതി കേസില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കും.

പ്രശാന്ത് ഭൂഷണെതിരേ ഹരീഷ് സാല്‍വെ നല്‍കിയ കോടതിയലക്ഷ്യ ഹരജിയാണ് ഇപ്പോള്‍ സുപ്രിംകോടതി പരിഗണിക്കുന്നത്. 2009 ല്‍ തെഹല്‍ക്ക മാഗസിന് നല്‍കിയ അഭിമുഖത്തില്‍ 16 സുപ്രിംകോടതി ചീഫ് ജസ്റ്റിസുമാരില്‍ എട്ടുപേരും അഴിമതിക്കാരാണെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു. ഇതാണ് പരാതിക്കിടയാക്കിയത്. അഭിപ്രായസ്വാതന്ത്ര്യവും അവഹേളനവും തമ്മില്‍ വിഭജിക്കപ്പെടുന്ന ഒരു നേര്‍ത്ത വരയുണ്ട്.

ഒരുവശത്ത് അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം സംരക്ഷിക്കുമ്പോള്‍ ഒരു സ്ഥാപനമെന്ന നിലയില്‍ ജുഡീഷ്യറിയുടെ അന്തസ് സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. ജഡ്ജിമാര്‍ക്കെതിരേ അഴിമതി ആരോപണമുന്നയിച്ചാല്‍ അത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമോയെന്ന് കണ്ടെത്തുന്നതിന് വിശദമായി വാദം കേള്‍ക്കേണ്ടതാണെന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി ആര്‍ ഗവായി, കൃഷ്ണ മുറാരി എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

അഴിമതി എന്നതുകൊണ്ട് കൈക്കൂലി വാങ്ങുന്നു എന്ന് മാത്രമല്ല ഉദ്ദേശിച്ചതെന്ന് പ്രശാന്ത് ഭൂഷണ്‍ വിശദീകരിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിധി പ്രഖ്യാപനത്തിനിടെ പ്രശാന്ത് ഭൂഷനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനും പങ്കെടുത്തു. കോടതിയിലുള്ള വാദം പുനരാരംഭിക്കുന്ന സമയത്തേക്ക് കേസ് ലിസ്റ്റുചെയ്യണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തി ഭൂഷണ്‍ സുപ്രിംകോടതിയോ അഭ്യര്‍ഥിച്ചെങ്കിലും ജസ്റ്റിസ് അരുണ്‍ മിശ്ര ഇത് നിരസിച്ചു.

Next Story

RELATED STORIES

Share it