India

ഉന്നാവോ പെണ്‍കുട്ടിയുടെ കത്ത് കൈമാറിയില്ല; ഉദ്യോഗസ്ഥനോട് പൊട്ടിത്തെറിച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

ജൂലൈ 12ന് അയച്ച കത്ത് എന്തുകൊണ്ടാണ് ശ്രദ്ധയില്‍പ്പെടുത്താന്‍ കാലതാമസം വരുത്തിയതെന്ന് സുപ്രിംകോടതി സെക്രട്ടറി ജനറലിനോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. ജൂലൈ മാസത്തില്‍ മാത്രം 6,800 ഓളം പരാതികള്‍ ലഭിച്ചെന്നും ഇത് പരിശോധിച്ചുവരികയാണെന്നുമായിരുന്നു സെക്രട്ടറി ജനറലിന്റെ മറുപടി.

ഉന്നാവോ പെണ്‍കുട്ടിയുടെ കത്ത് കൈമാറിയില്ല; ഉദ്യോഗസ്ഥനോട് പൊട്ടിത്തെറിച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്
X

ന്യൂഡല്‍ഹി: ഉന്നാവോ ബലാല്‍സംഗക്കേസിലെ ഇരയായ പെണ്‍കുട്ടിയുടെ കുടുംബം അയച്ച കത്ത് ശ്രദ്ധയില്‍പ്പെടുത്താത്തതില്‍ ഉദ്യോഗസ്ഥനോട് പൊട്ടിത്തെറിച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. ജൂലൈ 12ന് അയച്ച കത്ത് എന്തുകൊണ്ടാണ് ശ്രദ്ധയില്‍പ്പെടുത്താന്‍ കാലതാമസം വരുത്തിയതെന്ന് സുപ്രിംകോടതി സെക്രട്ടറി ജനറലിനോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. ജൂലൈ മാസത്തില്‍ മാത്രം 6,800 ഓളം പരാതികള്‍ ലഭിച്ചെന്നും ഇത് പരിശോധിച്ചുവരികയാണെന്നുമായിരുന്നു സെക്രട്ടറി ജനറലിന്റെ മറുപടി. ബലാല്‍സംഗക്കേസിലെ ഇരയുടെയും അവളുടെ കുടുംബത്തിന്റെയും പേര് ഞങ്ങള്‍ക്കറിയില്ല. കേസിനെക്കുറിച്ച് അറിഞ്ഞുകഴിഞ്ഞതിനാലാണ് ഞങ്ങള്‍ അത് കോടതിയില്‍ ഹാജരാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.

എന്നാല്‍, സെക്രട്ടറി ജനറലിന്റെ വാദത്തില്‍ ചീഫ് ജസ്റ്റിസ് തൃപ്തനായില്ല. ഉദ്യോഗസ്ഥന്റെ നടപടിയെ ചീഫ് ജസ്റ്റിസ് ശക്തമായി വിമര്‍ശിച്ചു. ജൂലൈ 12ന് പെണ്‍കുട്ടിയുടെ കുടുംബം അയച്ച കത്ത് ജൂലൈ 30 വരെ പൊതുതാല്‍പര്യ ഹരജിയില്‍ എന്തുകൊണ്ടാണ് ഉള്‍പ്പെടുത്തിയതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ബലാല്‍സംഗക്കേസിലെ മുഖ്യപ്രതി ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗലിന്റെയും ബന്ധുക്കളുടെയും ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രത്യേക സുരക്ഷ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇരയുടെ അമ്മയും സഹോദരിയും അമ്മായിയും ചേര്‍ന്ന് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നത്.

ബലാല്‍സംഗ കേസ് ഒത്ത് തീര്‍പ്പാക്കിയില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ബന്ധുക്കള്‍ കത്തില്‍ വ്യക്തമാക്കിയിരുന്നത്. ജൂലൈ 7ന് കുല്‍ദീപ് സിങ്ങിന്റെ സഹോദരന്‍ മനോജ് സിങ്ങും മറ്റ് ചിലരും തങ്ങളുടെ ഗ്രാമത്തിലെത്തി ഭീഷണിപ്പെടുത്തിയെന്നും കത്തില്‍ പറയുന്നു. എന്നാല്‍, കത്ത് തനിക്ക് ലഭിച്ചില്ലെന്നും മാധ്യമങ്ങള്‍വഴിയാണ് വാര്‍ത്തയറിഞ്ഞതെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. കത്ത് കിട്ടാത്തതില്‍ സുപ്രിംകോടതി രജിസ്ട്രിയോട് ചീഫ് ജസ്റ്റിസ് വിശദീകരണവും തേടി. തുടര്‍ന്ന് വ്യാഴാഴ്ച കത്ത് സുപ്രിംകോടതി പരിഗണനയ്‌ക്കെടുത്തപ്പോഴാണ് അന്വേഷണം വേഗത്തിലാക്കാനും പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷയൊരുക്കാനും നിര്‍ദേശിച്ചത്.

Next Story

RELATED STORIES

Share it