India

ശബരിമല കേസ് വിശാല ബെഞ്ചിന് വിട്ടത് ശരിവച്ച് സുപ്രിംകോടതി

ശബരിമല കേസിലെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. രണ്ടുവിഭാഗമായി കേസ് പരിഗണിക്കാനാണ് തീരുമാനം. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ശബരിമല കേസ് വിശാല ബെഞ്ചിന് വിട്ടത് ശരിവച്ച് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ശബരിമലയുമായി ബന്ധപ്പെട്ട കേസ് വിശാല ബെഞ്ചിന് വിട്ട നടപടി ശരിവച്ച് സുപ്രിംകോടതി. വിശാല ബെഞ്ചിന് വിട്ടത് സാധുവായ തീരുമാനമാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച എതിര്‍പ്പുകളെല്ലാം ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ തള്ളി. ശബരിമല കേസിലെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. രണ്ടുവിഭാഗമായി കേസ് പരിഗണിക്കാനാണ് തീരുമാനം. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

വിശാല ബെഞ്ചുണ്ടാക്കിയതിനെ ചോദ്യംചെയ്ത് ഫാലി എസ് നരിമാന്‍ അടക്കമുള്ള ചില മുതിര്‍ന്ന അഭിഭാഷകര്‍ രംഗത്തെത്തിയിരുന്നു. ശബരിമല വിധി പുനപ്പരിശോധിക്കാന്‍ അഞ്ചംഗ ബെഞ്ച് തീരുമാനിച്ചിട്ടില്ലെന്നും അതിനാല്‍ അതിലുയര്‍ന്നുവന്ന നിയമപ്രശ്‌നങ്ങള്‍ വിശാലബെഞ്ചിനു വിടാനാവില്ലെന്നുമായിരുന്നു ഫെബ്രുവരി ആറിന് കേസ് പരിഗണിച്ചപ്പോള്‍ ഫാലി എസ് നരിമാന്‍ വാദിച്ചത്. ഇക്കാര്യത്തിലാണ് സുപ്രിംകോടതി വ്യക്തത വരുത്തിയിരിക്കുന്നത്. വിശാല ബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെയും വാദം.

തിങ്കളാഴ്ച മുതല്‍ വിശാല ബെഞ്ച് ദൈനംദിന വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചില്‍ ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, നഗേശ്വര റാവു, മോഹന്‍ എം ശാന്തഗൗഡര്‍, അബ്ദുല്‍ നസീര്‍, സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് അംഗങ്ങള്‍.

കോടതിയുടെ പരിഗണനയ്ക്ക് വരുന്ന ഏഴ് വിഷയങ്ങള്‍

1. ഭരണഘട പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ വ്യാപ്തിയും ലക്ഷ്യവും എന്താണ് ?

2. മതസ്വാതന്ത്ര്യവും മതവിഭാഗങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം എന്താണ് ?

3. മതവിഭാഗങ്ങളുടെ അവകാശങ്ങള്‍ മൗലികാവകാശങ്ങള്‍ക്ക് വിധേയമാണോ ?

4. ഭരണഘടനയുടെ അനുഛേദം 25ല്‍ പറയുന്ന മതാനുഷ്ടാനങ്ങളില്‍ എന്താണ് ധാര്‍മികത ?

5. മതസ്വാതന്ത്ര്യത്തിന്റെ കാര്യങ്ങളില്‍ ജുഡീഷ്യല്‍ അവലോകനത്തിന്റെ സാധ്യത എന്താണ് ?

6. ഭരണഘടനാ അനുച്ഛേദം 25 (2) (ബി) പ്രകാരം 'ഹിന്ദുക്കളിലെ ഒരുവിഭാഗം' എന്നതിന്റെ അര്‍ഥം എന്താണ് ?

7. ഒരു മതവിഭാഗത്തിലും പെടാത്ത ഒരാള്‍ക്ക് ഏതെങ്കിലും മതവിഭാഗത്തിന്റെ രീതികളെ ചോദ്യം ചെയ്ത് ഒരു പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കാന്‍ കഴിയുമോ ?

Next Story

RELATED STORIES

Share it