India

കാര്‍ത്തി ചിദംബരത്തിന് ശിവഗംഗ നല്‍കിയതില്‍ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ്

കാര്‍ത്തി ചിദംബരത്തിന്റെ കുടുംബത്തെ ജനങ്ങള്‍ വെറുക്കുന്നതായി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഇ എം സുദര്‍ശന നാച്ചിയപ്പന്‍ അഭിപ്രായപ്പെട്ടു.

കാര്‍ത്തി ചിദംബരത്തിന് ശിവഗംഗ നല്‍കിയതില്‍ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ്
X

ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് ശിവഗംഗ ലോക്‌സഭാ സീറ്റ് നല്‍കിയതില്‍ കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകത്തില്‍ വിയോജിപ്പ്. കാര്‍ത്തി ചിദംബരത്തിന്റെ കുടുംബത്തെ ജനങ്ങള്‍ വെറുക്കുന്നതായി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഇ എം സുദര്‍ശന നാച്ചിയപ്പന്‍ അഭിപ്രായപ്പെട്ടു. കാര്‍ത്തിയെ മല്‍സരിപ്പിക്കാനുള്ള ഹൈക്കമാന്‍ഡ് തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പി ചിദംബരത്തിന്റെ തട്ടകമായിരുന്ന ശിവഗംഗ സീറ്റില്‍ സുദര്‍ശന്‍ നാച്ചിയപപ്പന്‍ ശക്തമായ അവകാശവാദം ഉന്നയിച്ചിരുന്നു.

ശിവഗംഗയിലേക്കുള്ള സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് വൈകിയാണ് പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടില്‍ പാര്‍ട്ടി മല്‍സരിക്കുന്ന മറ്റു 8 മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ശിവഗംഗ സീറ്റ് ഒഴിച്ചിടുകയായിരുന്നു. സുദര്‍ശന്‍ നാച്ചിയപ്പന്‍ സീറ്റില്‍ അവകാശവാദം ഉന്നയിച്ചതും ഒരു കുടുംബത്തില്‍ നിന്ന് ഒന്നിലേറെ പേര്‍ക്കു പാര്‍ലമെന്ററി പദവി വേണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടും കാരണമാണ് ശിവഗംഗ സീറ്റിലെ ചര്‍ച്ച നീണ്ടുപോയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്നാല്‍, ചിദംബരവും സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗവും ശക്തമായ സമ്മര്‍ദം ചെലുത്തിയതോടെ കാര്‍ത്തിക്കു തന്നെ സീറ്റുകിട്ടുകയായിരുന്നു.

ദക്ഷിണേന്ത്യയില്‍ നിന്ന് രാഹുല്‍ ഗാന്ധി മല്‍സരിക്കാന്‍ സാധ്യതയുള്ള മണ്ഡലമായി ശിവഗംഗ പരിഗണിക്കുന്നു എന്ന അഭ്യൂഹവും ഉയര്‍ന്നിരുന്നു. വയനാട്, ബംഗളൂരു സൗത്ത്, ബിദര്‍ മണ്ഡലങ്ങള്‍ക്കൊപ്പമാണ് ശിവഗംഗയെക്കുറിച്ചും രാഹുല്‍ മല്‍സരിക്കുന്ന മണ്ഡലമെന്ന അഭ്യൂഹം ഉയര്‍ന്നത്. കോണ്‍ഗ്രസ് ഒന്‍പതാം സ്ഥാനാര്‍ഥി പട്ടികയിലാണ് കാര്‍ത്തിയുടെ പേര് ഉള്‍പെട്ടത്. കഴിഞ്ഞതവണ കാര്‍ത്തി ശിവഗംഗയില്‍ പരാജയപ്പെട്ടിരുന്നു.

ഐഎന്‍എക്‌സ് മീഡിയ കേസുമായി ബന്ധപ്പെടുത്തിയാണ് കാര്‍ത്തിക്കെതിരേ സുദര്‍ശന നാച്ചിയപ്പന്‍ വിമര്‍ശനമുന്നയിക്കുന്നത്. എന്നാല്‍ തനിക്കെതിരേ കോടതിയില്‍ കേസൊന്നുമില്ലെന്നും തെളിയിക്കപ്പെടാത്ത ആരോപണങ്ങള്‍ മാത്രമാണുള്ളതെന്നും കാര്‍ത്തി പ്രതികരിച്ചു.

Next Story

RELATED STORIES

Share it