India

സിനിമ, സീരിയല്‍ നടന്‍ ചന്ദ്രശേഖര്‍ അന്തരിച്ചു

സിനിമ, സീരിയല്‍ നടന്‍ ചന്ദ്രശേഖര്‍ അന്തരിച്ചു
X

മുംബൈ: സിനിമാ, ടിവി സീരിയല്‍ നടന്‍ ചന്ദ്രശേഖര്‍ (98) അന്തരിച്ചു. 'ചാ ചാ ചാ', 'സുരാംഗ്' തുടങ്ങിയ ചിത്രങ്ങളിലും പ്രശസ്ത ടെലിവിഷന്‍ സീരിയലായ 'രാമായണ' ത്തിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള താരമാണ്. രാമായണത്തില്‍ ആര്യ സുമന്ത് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ചന്ദ്രശേഖര്‍ വസതിയില്‍ മരണപ്പട്ടതെന്ന് മകനും നിര്‍മാതാവുമായ അശോക് ശേഖറാണ് അറിയിച്ചത്.

അദ്ദേഹം ആഗ്രഹിച്ച രീതിയില്‍ ഉറക്കത്തിലായിരുന്നു മരണം. അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രായം മാത്രമാണ് മരണകാരണം. നല്ല ജീവിതമാണ് നയിച്ചത്- ശേഖര്‍ പറഞ്ഞു. അന്ത്യകര്‍മങ്ങള്‍ വൈകുന്നേരം ജൂഹുവിലെ പവന്‍ ഹാന്‍സ് ശ്മശാനത്തില്‍ നടക്കുമെന്ന് മകന്‍ പറഞ്ഞു. ഹൈദരാബാദില്‍ ജനിച്ച ചന്ദ്രശേഖര്‍ 1950 കളുടെ തുടക്കത്തിലാണ് ചലച്ചിത്രരംഗത്ത് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തനം ആരംഭിക്കുന്നത്. 1954 ല്‍ വി ശാന്താറാമിന്റെ സുരാംഗ് എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചു.

കാളി തോപ്പി ലാല്‍ റുമാല്‍, ബര്‍സത്ത് കി റാത്ത്, കവി, മസ്താന, ബസന്ത് ബഹാര്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 1964 ല്‍ ചാ ചാ ചാ എന്ന ചിത്രത്തിലൂടെ അദ്ദേഹം നിര്‍മാതാവായും സംവിധായകനായും രംഗത്തെത്തി. 1987 ല്‍ രാമാനന്ദ് സാഗര്‍ സംവിധാനം ചെയ്ത ദൂരദര്‍ശനിലെ പുരാണ ഷോയായ രാമായണത്തില്‍ ദശരഥ രാജാവിന്റെ പ്രധാനമന്ത്രിയായ ആര്യ സുമന്ത് ആയി ചന്ദ്രശേഖര്‍ അഭിനയിച്ചു. 1990 വരെ ആകെ 250 ലധികം സിനിമകളിലാണ് ചന്ദ്രശേഖര്‍ അഭിനയിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it