India

പുല്‍വാമ: ആക്രമണം നടത്തിയ ആദില്‍ രണ്ടുവര്‍ഷത്തിനിടെ പിടിയിലായത് ആറുതവണ; വിട്ടയച്ചത് കേസെടുക്കാതെ

എന്നാല്‍, കസ്റ്റഡിയില്‍ വച്ചശേഷം എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെ ആറുതവണയും വിട്ടയച്ചതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരെയും പുല്‍വാമ പോലിസിനെയും ഉദ്ധരിച്ച്് മുംബൈ മിറര്‍ റിപോര്‍ട്ട് ചെയ്യുന്നു. 2016 സപ്തംബറിനും 2018 മാര്‍ച്ചിനുമിടയിലാണ് 20 കാരനായ ആദില്‍ അഹമ്മദിനെ പിടികൂടിയശേഷം സുരക്ഷാസേന വിട്ടയച്ചത്. ലശ്കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്ന സംശയത്തിലും കല്ലേറ് നടത്തിയതിനുമാണ് ദാറിനെ പിടികൂടിയത്.

പുല്‍വാമ: ആക്രമണം നടത്തിയ ആദില്‍ രണ്ടുവര്‍ഷത്തിനിടെ പിടിയിലായത് ആറുതവണ; വിട്ടയച്ചത് കേസെടുക്കാതെ
X

ന്യൂഡല്‍ഹി: പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവഹാനിക്കിടയാക്കിയ ആക്രമണം നടത്തിയ ആദില്‍ അഹമ്മദ് ദാറിനെ രണ്ടുവര്‍ഷത്തിനിടെ പിടികൂടിയത് ആറുതവണ. എന്നാല്‍, കസ്റ്റഡിയില്‍ വച്ചശേഷം എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെ ആറുതവണയും വിട്ടയച്ചതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരെയും പുല്‍വാമ പോലിസിനെയും ഉദ്ധരിച്ച്് മുംബൈ മിറര്‍ റിപോര്‍ട്ട് ചെയ്യുന്നു. 2016 സപ്തംബറിനും 2018 മാര്‍ച്ചിനുമിടയിലാണ് 20 കാരനായ ആദില്‍ അഹമ്മദിനെ പിടികൂടിയശേഷം സുരക്ഷാസേന വിട്ടയച്ചത്. ലശ്കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്ന സംശയത്തിലും കല്ലേറ് നടത്തിയതിനുമാണ് ദാറിനെ പിടികൂടിയത്.

രണ്ടുവര്‍ഷത്തിനിടയില്‍ നിരവധി തവണ പിടിയിലായ ആദില്‍ സുരക്ഷാ ഏജന്‍സികളുടെ റഡാറില്‍ കുടുങ്ങാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമുയരുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്. 2016 മുതല്‍ ലശ്കറിനുവേണ്ടി ഗുണ്ടിബാഗ് ആദില്‍ പരസ്യമായി പ്രവര്‍ത്തിച്ചുതുടങ്ങിയതായി പറയുന്നത് പുല്‍വാമ പോലിസ് ഓഫിസറാണ്. 17 വയസ് തികയുമ്പോഴേക്കും ലശ്കറില്‍ ചേരാന്‍ ആഗ്രഹിച്ചവര്‍ക്കും പ്രദേശത്തെ ചെറുപ്പക്കാര്‍ക്കും ഇടയിലുള്ള കണ്ണിയായി ആദില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. കശ്മീരിലേക്ക് നുഴഞ്ഞുകയറുന്നവര്‍ക്ക് താവളമൊരുക്കിക്കൊടുക്കുകയും മറ്റ് സഹായങ്ങളും ആദില്‍ ചെയ്തിരുന്നു. 2017 പകുതിയോടെയാണ് ആദിലും ബന്ധുവായ മന്‍സൂര്‍ ദാറും മറ്റ് നാല് സുഹൃത്തുക്കളും ജെയ്‌ഷെ മുഹമ്മദില്‍ ചേരുന്നതെന്ന് ഐബി ഉദ്യോഗസ്ഥന്‍ പറഞ്ഞു. അവന്‍ ജെയ്‌ഷെയില്‍ ചേരുന്നതിന് മുമ്പ് സുരക്ഷാ ജീവനക്കാരെ കല്ലെറിഞ്ഞതിന് രണ്ടുതവണയും ലഷ്‌കര്‍ ഭീകരരെ സഹായിച്ചതിന് നാലുതവണയും ഞങ്ങള്‍ പിടികൂടിയിരുന്നു.

പക്ഷേ, ഒരിക്കല്‍ പോലും ആദിലിനെ അറസ്റ്റുചെയ്യുകയോ, എഫ്‌ഐആറില്‍ പേര് ചേര്‍ക്കുകയോ ചെയ്തിരുന്നില്ല- ഐബി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 2017ല്‍ ബന്ധുവായ മന്‍സൂര്‍ ദാറും ലഷ്‌കറിന്റെ ഉന്നത നേതാവും കൊല്ലപ്പെട്ട ശേഷമാണ് പാകിസ്ഥാനില്‍നിന്നുള്ള ജെയ്‌ഷെ കമാന്‍ഡറായ ഒമര്‍ ഹാഫിസിന്റെ കീഴില്‍ ആദില്‍ പരിശീലനം തുടര്‍ന്നത്. അതുകഴിഞ്ഞ് ആറുമാസത്തിനുശേഷം നാലു കൂട്ടുകാര്‍ക്കൊപ്പം ആദില്‍ മുഴുസമയ ജയ്‌ശെ മുഹമ്മദ് പ്രവര്‍ത്തകരായി മാറുകയായിരുന്നു. പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ ചരമവാര്‍ഷിക നാളില്‍ ഫെബ്രുവരി ഒമ്പതിന് സുരക്ഷാ സൈനികരുടെ വാഹനവ്യൂഹത്തിനുനേരെ അക്രമം നടത്താനായിരുന്നു ആദ്യപദ്ധതിയെന്നും ഇതെക്കുറിച്ച് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവരം എല്ലാ ജില്ലകളിലെയും മുതിര്‍ന്ന പോലിസ് സൂപ്രണ്ടുമാര്‍ക്ക് കൈമാറിയതാണെന്നും ഐബി ഓഫിസര്‍ പറഞ്ഞു. ഷബീര്‍ എന്നൊരാളിനെയാണ് ആക്രമണം നടത്താന്‍ ചുമതലപ്പെടുത്തിയത്. അന്ന് പ്രധാനപ്പെട്ട എല്ലാ റോഡുകളിലും കര്‍ശന സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍, ജനുവരി 26ന് നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ ഷബീര്‍ കൊല്ലപ്പെട്ടു. അപ്പോഴും ജാഗ്രത നിലനില്‍ക്കുന്നുണ്ടായിരുന്നു. ഷബീറിന് പകരമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ആദിലിനെ ആക്രമണത്തിനായി ചുമതലപ്പെടുത്തിയതെന്നും ഐബി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി മുംബൈ മിറര്‍ റിപോര്‍ട്ട് ചെയ്യുന്നു. ഐബി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിന് പിന്നാലെ ആദില്‍ അഹമ്മദിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതില്‍ ദുരൂഹതയാരോപിച്ച് നിരവധി പേരാണ് രംഗത്തുവന്നിട്ടുള്ളത്.

Next Story

RELATED STORIES

Share it