India

പുതിയ പാര്‍ട്ടിയുമായി പ്രവീണ്‍ തൊഗാഡിയ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു

അധികാരത്തിലെത്തിയാല്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനായി ഓര്‍ഡിനന്‍സ് ഇറക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം.

പുതിയ പാര്‍ട്ടിയുമായി പ്രവീണ്‍ തൊഗാഡിയ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു
X

ന്യൂഡല്‍ഹി: രാമക്ഷേത്ര പുന:നിര്‍മാണം മുഖ്യ അജണ്ടയാക്കി മുന്‍ വിശ്വ ഹിന്ദു പരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. ശനിയാഴ്ചയായിരിക്കും പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്നും ഗുജറാത്തില്‍ നിന്നും മുഴുവന്‍ മണ്ഡലങ്ങളിലും മത്സരിക്കുമെന്നും തൊഗാഡിയ വ്യക്തമാക്കി. താന്‍ അയോദ്ധ്യയില്‍ നിന്നായിരിക്കും മത്സിക്കുകയെന്നും പ്രവീണ്‍ തൊഗാഡിയ പറഞ്ഞു. ഹിന്ദുസ്ഥാന്‍ നിര്‍മാണ്‍ ദള്‍ എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. പാര്‍ട്ടി ഇലക്ഷന്‍ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തുവെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു. അധികാരത്തിലെത്തിയാല്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനായി ഓര്‍ഡിനന്‍സ് ഇറക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. തിരഞ്ഞെടുപ്പ് കഴിയും വരെ അടുത്ത നാല് മാസത്തേക്ക് രാമ ജന്മഭൂമിയുടെ പേരില്‍ യാതൊരു പ്രക്ഷോഭങ്ങളും നടത്തില്ലെന്ന് വിഎച്ച്പി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ പാര്‍ട്ടിയുമായി തൊഗാഡിയ എത്തുന്നത്.

നിലവില്‍ അന്താരാഷ്ട്രീയ ഹിന്ദു പരിഷതിന്റെ തലവനാണ് തൊഗാഡിയ. അധികാരം ലഭിച്ചാല്‍ അടുത്തയാഴ്ച തന്നെ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്നും തന്റെ പൂര്‍ണ ശ്രദ്ധയും ആളുകള്‍ക്ക് തൊഴില്‍ പ്രദാനം ചെയ്യുന്നതിലും ആരോഗ്യമേഖലയിലുമായിരിക്കുമെന്നും പറഞ്ഞ തൊഗാഡിയ ഇന്ത്യയില്‍ വാള്‍മാര്‍ട്ടിനെ നിരോധിക്കുമെന്നും പറഞ്ഞു. മോദിയുടെ നോട്ട് നിരോധനം, ജിഎസ്ടി, ചെറുകിട വ്യവസായങ്ങള്‍ക്ക് മേല്‍ അനാവശ്യമായ നികുതി ചുമത്തല്‍ എന്നീ തീരുമാനങ്ങള്‍ സാമ്പത്തിക മേഖല തകര്‍ത്തുവെന്നും പ്രവീണ്‍ തൊഗാഡിയ കുറ്റപ്പെടുത്തി.




Next Story

RELATED STORIES

Share it