India

ജനപക്ഷ ബദലുമായി തിരഞ്ഞെടുപ്പിനെ നേരിടുക: പോപുലര്‍ ഫ്രണ്ട്

നരേന്ദ്രമോഡിയുടെ ജനവിരുദ്ധ, കോര്‍പ്പറേറ്റ്, വര്‍ഗീയ അജണ്ടക്കെതിരായ ബദല്‍ പ്രകടന പത്രികയുടെ അടിസ്ഥാനത്തില്‍ ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പി ഇതര പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറാവണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജനപക്ഷ ബദലുമായി തിരഞ്ഞെടുപ്പിനെ നേരിടുക: പോപുലര്‍ ഫ്രണ്ട്
X

ന്യൂഡല്‍ഹി: നരേന്ദ്രമോഡിയുടെ ജനവിരുദ്ധ, കോര്‍പ്പറേറ്റ്, വര്‍ഗീയ അജണ്ടക്കെതിരായ ബദല്‍ പ്രകടന പത്രികയുടെ അടിസ്ഥാനത്തില്‍ ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പി ഇതര പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറാവണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടികളുടെയും ഭരണാധികാരികളുടെയും മാറ്റമല്ല ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്, മറിച്ച് എല്ലാ വിഭാഗങ്ങള്‍ക്കും നീതിയും സമാധാനവും ലഭിക്കുന്ന പുതിയൊരു ഇന്ത്യയെയാണ്.

സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏറ്റവും മോശപ്പെട്ട കേന്ദ്ര സര്‍ക്കാരുകളിലൊന്നാണ് രാജ്യത്ത് നിലവിലുള്ളത്. ഭരണത്തിന്റെ എല്ലാ തലങ്ങളിലും മോഡി സര്‍ക്കാര്‍ വിനാശകരമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിലും ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും സുരക്ഷിതത്വം നല്‍കുന്നതിലും ഈ സര്‍ക്കാര്‍ പരാജയപ്പെട്ടു. രാജ്യത്തിന്റെ സമ്പദ്‌വൃവസ്ഥയെ വന്‍തകര്‍ച്ചയെ നേരിടുന്നുവെന്നതിന് വ്യക്തമായ തെളിവുകള്‍ പുറത്തുവന്നുകഴിഞ്ഞു. വിയോജിപ്പുകളെ സ്വേച്ഛാധിപത്യപരമായും ജനാധിപത്യവിരുദ്ധവുമായും അടിച്ചമര്‍ത്തുകയാണ്. ഈ സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ചരിത്രത്തില്‍ അതീവ നിര്‍ണായകമായിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ ജനാധിപത്യപരമായ ഉത്തരവാദിത്തങ്ങള്‍ എങ്ങനെ നിര്‍വഹിച്ചുവെന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ ബി.ജെ.പിയുടെ ജനവിരുദ്ധ, വര്‍ഗീയ രാഷ്ട്രീയത്തിനെതിരേ വ്യക്തവും സമഗ്രവുമായ ഒരു ബദല്‍ ഇനിയും പ്രതിപക്ഷകക്ഷികളില്‍ നിന്നുണ്ടായിട്ടില്ല. ബദല്‍ രാഷ്ട്രീയത്തിന്റെ സ്വഭാവത്തെ കുറിച്ച് ദുര്‍ബല ജനവിഭാഗങ്ങള്‍ ആശങ്കയിലാണ്. ബി.ജെ.പി ഭരിക്കുന്ന ഇന്ത്യയില്‍ നിന്ന് ബി.ജെ.പി ഭരണത്തിനു ശേഷമുള്ള ഇന്ത്യ എങ്ങനെയായിരിക്കുമെന്ന് അറിയാനുള്ള അവകാശം അവര്‍ക്കുണ്ട്.

കഴിഞ്ഞകാലങ്ങളില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അജണ്ടകള്‍ ബിജെപിക്ക് സമാനമായിരന്നു. കോണ്‍ഗ്രസ് ഭരണകാലത്തും നിരവധി അവസരങ്ങളില്‍ ഹിന്ദുത്വ ശക്തികള്‍ക്ക് സംരക്ഷണം ലഭിച്ചിരുന്നു. ബാബരി മസ്ജിദിന്റെ തകര്‍ച്ച മുതല്‍ അനവധി മുസ്‌ലിംവിരുദ്ധ കലാപങ്ങള്‍ വരെ നടന്നിട്ടുള്ളത് കോണ്‍ഗ്രസ് ഭരണത്തിലാണ്. യു.എ.പി.എ, അഫസ്പ പോലുള്ള ഭീകരനിയമങ്ങളും എന്‍.ഐ.എ പോലുള്ള മര്‍ദ്ദക ഏജന്‍സികളും നിലവില്‍ വന്നത് കോണ്‍ഗ്രസ് ഭരണത്തിലാണ്. നവ ഉദാരവല്‍ക്കരണ നയങ്ങളിലൂടെ കുത്തകകളെ രാജ്യത്തേക്ക് ആനയിച്ചത് കോണ്‍ഗ്രസ് ആണെങ്കില്‍, ബി.ജെ.പി ഇപ്പോള്‍ ഇക്കാര്യത്തില്‍ മുന്നില്‍ നിന്നു നയിക്കുകയാണ്. രാജ്യത്തെ ശാക്തീകരണ പ്രക്രിയയുടെ അടിസ്ഥാനത്തെ തകര്‍ക്കുന്ന നിലയില്‍ ബി.ജെ.പി സര്‍ക്കാര്‍ 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍, ഇടതു പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും ഉള്‍പ്പെടെയുള്ള എല്ലാ പ്രമുഖ പ്രതിപക്ഷ കക്ഷികളും അതിനെ പിന്തുണച്ചു.

അടിസ്ഥാന നയങ്ങളില്‍ മാറ്റം വരുത്താന്‍ തയ്യാറാവാതെ, വെറും ഒരു സര്‍ക്കാര്‍ മാറ്റം മാത്രമാണ് കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും ലക്ഷ്യംവക്കുന്നതെങ്കില്‍, അവര്‍ക്ക് ബി.ജെ.പിക്ക് ബദലായി അവതരിപ്പിക്കാനുള്ള ധാര്‍മ്മിക അവകാശം ഉണ്ടായിരിക്കില്ല. ഈ നിലയില്‍ ഫാഷിസ്റ്റുകള്‍ നിയന്ത്രിക്കുന്ന അദൃശ്യഭരണകൂടത്തിന്റെ പിടിയിലേക്ക് രാജ്യം വീണ്ടും അകപ്പെടുന്നതിനെ തടയാന്‍ അവര്‍ക്ക് കഴിയില്ല. രാജ്യത്തെയും ജനങ്ങളെയും പുരോഗതിയിലേക്ക് നയിക്കുന്നതിലും അവര്‍ പരാജയമായിരിക്കും. രാജ്യത്തെ ന്യൂനപക്ഷങ്ങളടക്കം എല്ലാ വിഭാഗങ്ങള്‍ക്കും തുല്യനീതിയും സുരക്ഷിതത്വവും ഉറപ്പാക്കുകയും ജനജീവിതത്തെ പുരോഗതിയിലേക്ക് നയിക്കാനും കഴിയുന്ന വിധത്തിലുള്ള ബദല്‍ പ്രകടന പത്രികയുമായി ബി.ജെ.പി ഇതര പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it