Big stories

കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ വിട്ടയച്ചു, ഡല്‍ഹി പോലിസ് ആസ്ഥാനത്തെ പ്രക്ഷോഭം അവസാനിച്ചു

ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം ജെഎന്‍യുവിലെയും ഡല്‍ഹി സര്‍വകലാശാലയിലെയും നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഡല്‍ഹി പോലിസ് ആസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയിരുന്നത്. റോഡ് ഉപരോധിച്ചായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം.

കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ വിട്ടയച്ചു, ഡല്‍ഹി പോലിസ് ആസ്ഥാനത്തെ പ്രക്ഷോഭം അവസാനിച്ചു
X

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ സര്‍വകലാശാലയിലെ പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് വിദ്യാര്‍ഥികളുടെ പ്രക്ഷോഭം ശക്തമായതിന് പിന്നാലെ സര്‍വകലാശാലയില്‍നിന്ന് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ വിട്ടയച്ചു. 67 വിദ്യാര്‍ഥികളെയാണ് വിട്ടയച്ചത്. ഡല്‍ഹി പോലിസ് പിആര്‍ഒ എം എസ് രണ്‍ധവയാണ് ഇതുസംബന്ധിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. ഇതോടെ ഡല്‍ഹി പോലിസ് ആസ്ഥാനത്ത് നടത്തിവന്ന മണിക്കൂറുകള്‍നീണ്ട ഉപരോധസമരം അവസാനിപ്പിക്കുകയും ചെയ്തു. ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം ജെഎന്‍യുവിലെയും ഡല്‍ഹി സര്‍വകലാശാലയിലെയും നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഡല്‍ഹി പോലിസ് ആസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയിരുന്നത്.

റോഡ് ഉപരോധിച്ചായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിഅ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് നേരേയുണ്ടായ പോലിസ് അതിക്രമത്തില്‍ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി രാജ്യവ്യാപകമായി വന്‍പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലും നഗരങ്ങളിലും വിദ്യാര്‍ഥികളും യുവജനങ്ങളും തെരുവിലിറങ്ങി. ജാമിഅ മിലിയ സര്‍വകലാശാലയിലെ പോലിസ് അതിക്രമത്തിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ് പ്രതിഷേധം അണപൊട്ടിയത്.

അലിഗഢ് മുസ്‌ലിം സര്‍വകലാശാല, ബനാറസ് ഹിന്ദു സര്‍വകലാശാല, ഹൈദരാബാദ് മൗലാന ആസാദ് ഉര്‍ദു സര്‍വകലാശാല, ജെഎന്‍യു, ജാദവ്പൂര്‍ സര്‍വകലാശാല, ബോംബെ ഐഐടി തുടങ്ങിയ കലാലയങ്ങളില്‍ ഞായറാഴ്ച രാത്രി വൈകിയും പ്രതിഷേധപ്രകടനങ്ങള്‍ അരങ്ങേറി. അലിഗഢ് സര്‍വകലാശാലയില്‍ പോലിസും വിദ്യാര്‍ഥികളും ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് ജനുവരി അഞ്ചുവരെ അലിഗഢ് സര്‍വകലാശാല അടച്ചിട്ടു. 15 വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തിന് പിന്നാലെ മീററ്റ്, അലിഗഢ്, സഹാറന്‍പൂര്‍ എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയായി. വാഹനങ്ങള്‍ കത്തിച്ചതിന് പിന്നില്‍ പോലിസാണെന്ന് വ്യക്തമാവുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പോലിസുകാര്‍തന്നെ വാഹനങ്ങള്‍ക്ക് തീയിടുന്നതിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ഥികളാണ് പുറത്തുവിട്ടത്. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. വിദ്യാര്‍ഥികള്‍ക്കുനേരേ വെടിവയ്പ്പുണ്ടായതായും റിപോര്‍ട്ടുകളുണ്ട്. നിരവധി വിദ്യാര്‍ഥികള്‍ പോലിസ് അതിക്രമത്തില്‍ പരിക്കേറ്റ് ചികില്‍സയിലാണ്. പോലിസ് വിട്ടയച്ച നാല് വിദ്യാര്‍ഥികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it