India

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്നു; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്നു; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. രാജ്യത്തെ കൊവിഡ് വ്യാപനം ശക്തമാവുന്നതും വാക്‌സിനേഷന്‍ പുരോഗമിക്കുന്നതും യോഗത്തില്‍ ചര്‍ച്ചയായി.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 93,249 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1.24 കോടിയിലെത്തി. കൊവിഡ് വ്യാപനം അതിരൂക്ഷമായ സപ്തംബര്‍ പകുതിയില്‍ രാജ്യത്ത് സ്ഥിരീകരിച്ച വൈറസ് ബാധിതരുടെ എണ്ണത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ സപ്തംബര്‍ 19ന് 93,337 പ്രതിദിന കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. എട്ട് സംസ്ഥാനങ്ങളില്‍ കൊവിഡ് ബാധിതര്‍ 81.42 ശതമാനമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്ര, കര്‍ണാടക, ഛത്തീസ്ഗഢ്, ഡല്‍ഹി, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. മാസ്‌ക് ഉപയോഗം, സാമൂഹിക അകലം എന്നിവ ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ നടപ്പാക്കാന്‍ ശക്തമായ നടപടിയെടുക്കാന്‍ കേന്ദ്രം ഇതിനകം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാനടപടികള്‍ നടപ്പാക്കുന്നതിലെ വര്‍ധിച്ചുവരുന്ന അലസതയാണ് ഇപ്പോഴത്തെ വര്‍ധനവിന് കാരണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. ജനിതകമാറ്റം സംഭവിച്ച കൊവിഡ് വകഭേദത്തിന്റെ സാന്നിധ്യമാണ് വൈറസ് പടരാന്‍ കാരണമാവുന്നതെന്നും റിപോര്‍ട്ടുകളുണ്ട്.

Next Story

RELATED STORIES

Share it