India

അനധികൃത സ്വത്ത് സമ്പാദനക്കേസ്: റെയില്‍വേ എന്‍ജിനീയറുടെ 3.44 കോടിയുടെ വസ്തുവകകള്‍ ഇഡി കണ്ടുകെട്ടി

അനധികൃത സ്വത്ത് സമ്പാദനക്കേസ്: റെയില്‍വേ എന്‍ജിനീയറുടെ 3.44 കോടിയുടെ വസ്തുവകകള്‍ ഇഡി കണ്ടുകെട്ടി
X

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പട്‌നയില്‍ റെയില്‍വേ എന്‍ജിനീയറുടെ 3.44 കോടി രൂപയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം (പിഎംഎല്‍എ) ആണ് കിഴക്കന്‍ റെയില്‍വേയുടെ ജമാല്‍പൂര്‍ റെയില്‍വേ വര്‍ക്ക്‌ഷോപ്പിലെ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ ചന്തേശ്വര്‍ പ്രസാദ് യാദവിന്റെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും 3.44 കോടി രൂപയുടെ സ്ഥാവര ജംഗമ വസ്തുവകകള്‍ പിടിച്ചെടുത്തത്.

1.19 കോടി രൂപയുടെ അഞ്ച് സ്ഥാവരവസ്തുക്കളും, 35.85 ലക്ഷം രൂപയുടെ ഏഴ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളും, നാല് ഇന്‍ഷുറന്‍സ് പോളിസികളും (7.97 ലക്ഷം രൂപ), 29 എഫ്ഡി (1.64 കോടി രൂപ), അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ ഊര്‍മിളാ ദേവി, ഭരത് ഭൂഷണ്‍, ശശിഭൂഷണ്‍ എന്നിവരുടെ 17.25 ലക്ഷം രൂപ വിലമതിക്കുന്ന ബാങ്ക് ബാലന്‍സുകളും കണ്ടുകെട്ടിയവയില്‍പ്പെടുന്നു. പട്‌നയിലെ സിബിഐയും ആന്റി കറപ്ഷന്‍ ബ്യൂറോയും രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.

യാദവിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളില്‍ 2.37 കോടി രൂപ (2,37,96,990 രൂപ)യുടെ വന്‍ നിക്ഷേപമെത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. റെയില്‍വേ വര്‍ക്ക്‌ഷോപ്പിലെ വാഗണുകളും ആക്രിസാധനങ്ങളും മോഷ്ടിച്ചുവെന്ന കുറ്റത്തിന് 2017- 18 ല്‍ റെയില്‍വേ എന്‍ജിനീയറായിരുന്ന ചന്തേശ്വര്‍ പ്രസാദ് യാദവിനെ അറസ്റ്റുചെയ്തിരുന്നതായി ഇഡി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

പട്‌നയിലെ മഹാറാണി സ്റ്റീല്‍സ് ഉടമ ദേവേഷ് കുമാറിനൊപ്പം ചേര്‍ന്ന് റെയില്‍വേ വാഗണുകളും ആക്രിസാധനങ്ങളും തട്ടിയെടുത്തതായി സപ്തംബര്‍ 15 മുതല്‍ 19 വരെ ഇഡി കസ്റ്റഡിയിലായിരിക്കെ ഇയാള്‍ സമ്മതിച്ചിരുന്നതായി പ്രസ്താവനയില്‍ പറയുന്നു.

Next Story

RELATED STORIES

Share it