India

ഗോവയില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി; യാത്രക്കാര്‍ സുരക്ഷിതര്‍

ഗോവയില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി; യാത്രക്കാര്‍ സുരക്ഷിതര്‍
X

പനാജി: ഗോവയിലെ ദുദ്‌സാഗറിന് സമീപം പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. യാത്രക്കാര്‍ സുരക്ഷിതരാണെന്നും ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും റെയില്‍വേ അറിയിച്ചു. വാസ്‌കോഡഗാമ ഹൗറ അമരാവതി എക്‌സ്പ്രസാണ് ചൊവ്വാഴ്ച രാവിലെ 8.56ന് ഗോവയില്‍ ദൂദ്‌സാഗറിനും കാരന്‍സോളിനും ഇടയില്‍ പാളം തെറ്റിയത്. മുന്‍വശത്തെ ലോക്കോയുടെ മുന്‍ ജോഡി ചക്രങ്ങള്‍ പാളം തെറ്റി. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ആളപായമോ പരിക്കോ റിപോര്‍ട്ട് ചെയ്തിട്ടില്ല.

വാസ്‌കോഡഗാമയില്‍നിന്ന് രാവിലെ 6.30ന് പുറപ്പെട്ട ട്രെയിന്‍ 8.50ന് ദൂദ്‌സാഗറിലെത്തിയതായി റെയില്‍വേയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ട്രെയിന്റെ മുഴുവന്‍ ഭാഗവും അപകടത്തില്‍പ്പെടാത്തതിനാല്‍ ട്രെയിന്‍ ദുദ്‌സാഗറിലേക്ക് തിരിച്ചുവിടുകയാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി രാവിലെ 9.45ന് കാസില്‍ റോക്കില്‍നിന്ന് പുറപ്പെട്ട ആക്‌സിഡന്റ് റിലീഫ് ട്രെയിനും (എആര്‍ടി) മെഡിക്കല്‍ എക്യുപ്‌മെന്റ് വാനും 10.35ന് സ്ഥലത്തെത്തിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എല്ലാ യാത്രക്കാര്‍ക്കും വെള്ളവും ലഘുഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ജനറല്‍ മാനേജര്‍ സഞ്ജീവ് കിഷോര്‍, അഡീഷനല്‍ ജനറല്‍ മാനേജര്‍ പി കെ മിശ്ര, പ്രിന്‍സിപ്പല്‍ ചീഫ് എന്‍ജിനീയര്‍ എസ് പി എസ് ഗുപ്ത, അലോക് തിവാരി, പ്രിസിപ്പല്‍ ചീഫ് സേഫ്റ്റി ഓഫിസര്‍, പ്രിന്‍സിപ്പല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. യാത്രക്കാര്‍ക്ക് ബന്ധപ്പെടാന്‍ 08362363481, 0836 2289826 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it