India

കൊവിഡ് പ്രതിസന്ധി: സര്‍ക്കാര്‍ ചെലവഴിച്ച 11.7 കോടി തിരികെ നല്‍കാന്‍ കൂടുതല്‍ സമയം വേണം; സുപ്രിംകോടതിയോട് പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി

സംസ്ഥാന സര്‍ക്കാരാണ് തുക കൈമാറുന്നതിന് കൂടുതല്‍ സമയം അനുവദിക്കണോ എന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടതെന്ന് സുപ്രിംകോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഉത്തരവൊന്നും പുറപ്പെടുവിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് പ്രതിസന്ധി: സര്‍ക്കാര്‍ ചെലവഴിച്ച 11.7 കോടി തിരികെ നല്‍കാന്‍ കൂടുതല്‍ സമയം വേണം; സുപ്രിംകോടതിയോട് പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി
X

ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കും അറ്റകുറ്റപ്പണികള്‍ക്കും ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച 11.7 കോടി രൂപ തിരികെ നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ക്ഷേത്രഭരണസമിതി. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വരുമാനം കുറഞ്ഞുവെന്നും ഇപ്പോള്‍ പണം നല്‍കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി താല്‍ക്കാലിക ഭരണസമിതിക്ക് വേണ്ടി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി കെ ബാബുവാണ് സുപ്രിംകോടതിയില്‍ ഇക്കാര്യം അറിയിച്ചത്.

ക്ഷേത്രകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി കഴിഞ്ഞ ജൂലൈയിലാണ് കോടതി താല്‍ക്കാലിക ഭരണസമിതിയെ നിയോഗിച്ചത്. രാജകുടുംബത്തിന് ക്ഷേത്രം കൈകാര്യം ചെയ്യാനുള്ള അവകാശം ശരിവച്ച കോടതി, ക്ഷേത്രത്തിന്റെ സുരക്ഷയും പരിപാലനവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും സംസ്ഥാനം തുടക്കത്തില്‍തന്നെ നല്‍കുമെന്നും ഈ പണം പിന്നീട് സര്‍ക്കാരിന് തിരികെ നല്‍കണമെന്നും കേരള ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണസമിതി സുപ്രിംകോടതിയെ കാര്യങ്ങള്‍ ധരിപ്പിച്ചത്.

എന്നാല്‍, സംസ്ഥാന സര്‍ക്കാരാണ് തുക കൈമാറുന്നതിന് കൂടുതല്‍ സമയം അനുവദിക്കണോ എന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടതെന്ന് സുപ്രിംകോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഉത്തരവൊന്നും പുറപ്പെടുവിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച തുക തിരികെ നല്‍കണമെന്ന് സുപ്രിംകോടതിയും നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലാണ് ക്ഷേത്രമെന്നും സംഭാവനകളെ പകര്‍ച്ചവ്യാധി ബാധിച്ചെന്നും ഭരണസമിതി കൈമാറിയ റിപോര്‍ട്ടില്‍ പറയുന്നു.

ക്ഷേത്രത്തിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്ത് റിപോര്‍ട്ട് സപ്തംബറില്‍ പരിഗണിക്കുമെന്ന് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. ഓഡിറ്റ് മാര്‍ച്ചിന് ശേഷമേ ആരംഭിക്കൂ എന്ന് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിങ് കോണ്‍സല്‍ ജി പ്രകാശ് കോടതിയെ അറിയിച്ചു. സുപ്രിംകോടതിയുടെ മുന്‍ ഉത്തരവിലെ മറ്റ് എല്ലാ നിര്‍ദേശങ്ങളും നടപ്പാക്കിയതായും ഭരണസമിതി സുപ്രിംകോടതിയെ അറിയിച്ചു. മാര്‍ച്ചിലെ കൊവിഡ് ലോക്ക് ഡൗണ്‍ മുതല്‍ അടച്ചിട്ട ക്ഷേത്രം ചില നിയന്ത്രണങ്ങളോടെ ആഗസ്ത് 26ന് തുറന്നു. 10 പൂജാരിമാര്‍ ഉള്‍പ്പെടെ ഉള്‍പ്പെടെ 12 ജീവനക്കാര്‍ക്ക് വൈറസിന് പോസിറ്റീവായതിനെത്തുടര്‍ന്ന് ഒക്ടോബറില്‍ ക്ഷേത്രം വീണ്ടും താല്‍ക്കാലികമായി അടച്ചു. കൊവിഡ് പ്രോട്ടോക്കോളുകള്‍ക്ക് പുറമേ മാസ്‌കുകള്‍ ധരിക്കുക, ഹാന്‍ഡ് സാനിറ്റൈസര്‍, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പ്രതിദിന ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it