India

എന്‍ആര്‍സി വെറും ഗെയിം, രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു; ബിജെപിയെ വെട്ടിലാക്കി രഞ്ജന്‍ ഗൊഗോയ്

'അസമില്‍ ഒരു ഗെയിമുണ്ട്. ആ ഗെയിമിനെ വിളിക്കുന്നത് എന്‍ആര്‍സി എന്നാണ്. ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും എന്‍ആര്‍സി വേണ്ട. അഭയാര്‍ഥികളോട് ചിലര്‍ പറയും ഞങ്ങള്‍ നിങ്ങളെ സംരക്ഷിക്കാം, ഞങ്ങള്‍ക്ക് വോട്ടുചെയ്യൂ എന്ന്. മറ്റ് ചിലര്‍ പറയും അവരാണ് നിങ്ങളുടെ പ്രധാന ഭീഷണി, ഞങ്ങള്‍ക്ക് വോട്ടുചെയ്യൂ എന്ന്. ഇത് 50 വര്‍ഷമായി അസമില്‍ നടക്കുന്നു.

എന്‍ആര്‍സി വെറും ഗെയിം, രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു; ബിജെപിയെ വെട്ടിലാക്കി രഞ്ജന്‍ ഗൊഗോയ്
X

കൊല്‍ക്കത്ത: രാജ്യത്ത് പൗരത്വ ഭേദഗതി നിയമവും (എന്‍ആര്‍സി) ദേശീയ പൗരത്വ രജിസ്റ്ററും (എന്‍ആര്‍സി) നടപ്പാക്കാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകവെ ബിജെപിയെ വെട്ടിലാക്കി മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസും രാജ്യസഭാ എംപിയുമായ രഞ്ജന്‍ ഗോഗോയ് രംഗത്ത്. കൊല്‍ക്കത്തയില്‍ ഇന്ത്യാ ടുഡേയുടെ കോണ്‍ക്ലേവ് 2021 ല്‍ പങ്കെടുത്ത് സംസാരിക്കവെയാണ് എന്‍ആര്‍സിക്കെതിരേ അദ്ദേഹം തുറന്നടിച്ചത്. ദേശീയ പൗരത്വ രജിസ്റ്റര്‍ വെറും ഗെയിം മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 'അസമില്‍ ഒരു ഗെയിമുണ്ട്. ആ ഗെയിമിനെ വിളിക്കുന്നത് എന്‍ആര്‍സി എന്നാണ്.

ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും എന്‍ആര്‍സി വേണ്ട. അഭയാര്‍ഥികളോട് ചിലര്‍ പറയും ഞങ്ങള്‍ നിങ്ങളെ സംരക്ഷിക്കാം, ഞങ്ങള്‍ക്ക് വോട്ടുചെയ്യൂ എന്ന്. മറ്റ് ചിലര്‍ പറയും അവരാണ് നിങ്ങളുടെ പ്രധാന ഭീഷണി, ഞങ്ങള്‍ക്ക് വോട്ടുചെയ്യൂ എന്ന്. ഇത് 50 വര്‍ഷമായി അസമില്‍ നടക്കുന്നു. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കായി എന്‍ആര്‍സിയെ ഉപയോഗപ്പെടുത്തുകയാണ്. പാര്‍ലമെന്റ് അതിന്റെ വിവേകത്തോടെ സിഎഎ പാസാക്കി. എന്റെ സംസ്ഥാനമായ അസമിലെ ജനങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രക്ഷോഭത്തിലാണ്. സിഎഎ ആളുകളുടെ മനസ്സില്‍ ഗുരുതരമായ ആശങ്കകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കാരണം ഇത് അസമീസ് ജനതയുടെ നിലനില്‍പ്പിന് ഭീഷണിയായി കാണുന്നു- ഗോഗോയ് പറഞ്ഞു. അസമില്‍ എന്‍ആര്‍സിയും സിഎഎയും നടപ്പാക്കുന്നതിലുള്ള വിയോജിപ്പ് ഗോഗോയ് നേരത്തെ പ്രകടിപ്പിച്ചിരുന്നു.

എന്‍ആര്‍സി, സിഎഎ എന്നിവയിലും ആശങ്ക പ്രകടിപ്പിച്ചു. ഇത് ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2019 നവംബറില്‍ അസമില്‍ എന്‍ആര്‍സി നടപ്പാക്കുന്നതിനെ പ്രതിരോധിച്ചതിന് ഗോഗോയ് വിമര്‍ശനം നേരിട്ടിരുന്നു. അസം എന്‍ആര്‍സി ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു രേഖയല്ല. എന്നാല്‍, ഭാവിയിലേക്കുള്ള അടിസ്ഥാന രേഖയാണ്. ഭാവിയിലുണ്ടാവുന്ന പരാതികള്‍ പരിഹരിക്കാനൊരു പ്രമാണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഭീതിതമായ കാലത്താണ് നാം ഇപ്പോള്‍ ജീവിക്കുന്നതെന്ന് ഗൊഗോയ് പറഞ്ഞു. വിയോജിപ്പുകളില്‍ രാജ്യദ്രോഹക്കേസ് ചുമത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എവിടെ നിന്നാണ് ഭീഷണി വരുന്നതെന്ന് ചോദിച്ചപ്പോള്‍ എല്ലായിടത്തുനിന്നും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ചീഫ് ജസ്റ്റിസായശേഷം പ്രതിപക്ഷം തന്നെ സര്‍ക്കാര്‍ അനുകൂല ന്യായാധിപനെന്ന് വിശേഷിപ്പിച്ചതിനും അദ്ദേഹം മറുപടി നല്‍കി. ഒരു ജഡ്ജിയോ മുന്‍ ജഡ്ജിയോ ഒരിക്കലും ആക്രമണങ്ങളില്‍ പതറില്ല. വിരമിക്കലിന് ശേഷവും ഈ ആക്രമണമുണ്ടാവും- ഗൊഗോയ് പറഞ്ഞു. ഇന്ത്യന്‍ സുപ്രിംകോടതിയുടെ 46ാമത് ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയ് വിരമിച്ചശേഷം രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത പ്രകാരമായിരുന്നു ഗൊഗോയിയെ രാജ്യസഭയിലെത്തിച്ചത്. റഫേല്‍, ബാബരി കേസുകളില്‍ കേന്ദ്രസര്‍ക്കാരിന് അനുകൂലമായി ഗോഗോയ് വിധി പ്രസ്താവം നടത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.

Next Story

RELATED STORIES

Share it