India

അസമില്‍ ബിജെപിക്ക് തിരിച്ചടി; സഖ്യകക്ഷിയായ ബിപിഎഫ് ഇനി കോണ്‍ഗ്രസിനൊപ്പം

ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ 40ല്‍ 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പിന് ശേഷം ബിജെപി ബിപിഎഫുമായി അകന്നു.

അസമില്‍ ബിജെപിക്ക് തിരിച്ചടി; സഖ്യകക്ഷിയായ ബിപിഎഫ് ഇനി കോണ്‍ഗ്രസിനൊപ്പം
X

ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അസമില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. പ്രധാന സഖ്യകക്ഷിയായ ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് ഭരണകക്ഷിയായ ബിജെപി നേതൃത്വം നല്‍കുന്ന മുന്നണി വിട്ട് കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തീരുമാനിച്ചു. ബിജെപി നേതൃത്വം നല്‍കുന്ന മുന്നണി വിടുകയാണെന്നും കോണ്‍ഗ്രസിനൊപ്പം ചേരുമെന്നും ബിപിഎഫ് നേതാക്കള്‍ അറിയിച്ചു. സമാധാനത്തിനും ഐക്യത്തിനും വികസനത്തിനും അഴിമതിരഹിത ഭരണത്തിനുമായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാജാത് സഖ്യവുമായി സഹകരിക്കും.

ബിജെപിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്നും ഇനി സൗഹൃദമോ സഖ്യമോ ഇല്ലെന്നും ബിപിഎഫ് നേതാവ് ഹഗ്രാമ മോഹിലാരി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. 2005ലാണ് കൊക്രജാര്‍ കേന്ദ്രീകരിച്ച് ബിപിഎഫ് പാര്‍ട്ടി രൂപീകരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 126 സീറ്റില്‍ 12 സീറ്റില്‍ പാര്‍ട്ടി വിജയിച്ചിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ ചേരുകയും ചെയ്തു. സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാരില്‍ മൂന്ന് മന്ത്രിമാരാണ് പാര്‍ട്ടിക്കുണ്ടായിരുന്നത്.

ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ 40ല്‍ 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പിന് ശേഷം ബിജെപി ബിപിഎഫുമായി അകന്നു. ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സിലില്‍ യുനൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ എന്ന പാര്‍ട്ടിയുമായി ചേര്‍ന്ന് സഖ്യവുമായാണ് ബിജെപി ഭരണം പിടിച്ചത്. ഈ മാസം ആദ്യം ബിപിഎഫ് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് അസം ധനമന്ത്രി ഹിമന്ത ബിസ്വ ശര്‍മ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ബിജെപിയോട് അകലുകയാണെന്ന് ആദ്യമായാണ് ബിപിഎഫ് വ്യക്തമാക്കുന്നത്. ബിപിഎഫുമായുള്ള സഖ്യം അഞ്ചുവര്‍ഷത്തേയ്ക്ക് മാത്രമാണ്. ഇരുപക്ഷവും അതിന് പ്രതിജ്ഞാബദ്ധമാണെന്ന് ഞങ്ങള്‍ പലതവണ പറഞ്ഞിട്ടുണ്ട്. അവര്‍ ഇപ്പോഴും നമ്മുടെ സര്‍ക്കാരിലാണ്, അത് ആരോഗ്യകരമായ രാഷ്ട്രീയമാണ്- ബിജെപി നേതാവ് പറഞ്ഞു. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ ആറുവരെ മൂന്നുഘട്ടമായാണ് അസമില്‍ തിരഞ്ഞെടുപ്പ്. മെയ് രണ്ടിന് വോട്ടെണ്ണല്‍ നടക്കും.

Next Story

RELATED STORIES

Share it