India

രാജസ്ഥാനില്‍ പാര്‍ട്ടി അധികാരത്തിലെത്താതെ അത്താഴം കഴിക്കില്ല; ശപഥം ചെയ്ത് ബിജെപി അധ്യക്ഷന്‍

രാജസ്ഥാനില്‍ പാര്‍ട്ടി അധികാരത്തിലെത്താതെ അത്താഴം കഴിക്കില്ല; ശപഥം ചെയ്ത് ബിജെപി അധ്യക്ഷന്‍
X

ജയ്പൂര്‍: 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ പാര്‍ട്ടി അധികാരത്തില്‍ വരുന്നതുവരെ അത്താഴം കഴിക്കില്ലെന്ന് ശപഥം ചെയ്ത് രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയ. ഇതോടൊപ്പം ബിജെപി അധികാരത്തിലെത്തുന്നതുവരെ തലപ്പാവ് ഉപേക്ഷിക്കുകയാണെന്നും പുഷ്പഹാരങ്ങള്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ബിജെപി തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സതീഷ് പൂനിയ. രാജസ്ഥാനില്‍ കര്‍ഷക യുവജന വിരുദ്ധ സര്‍ക്കാരിനെ പുറത്താക്കി 2023ല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വിശ്വാസമുണ്ട്. അതിന് ശേഷം മാത്രമേ അത്താഴം കഴിക്കൂ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാര്യക്ഷമവും ശക്തവുമായ നേതൃപാടവവും ജനോപകാര നയങ്ങളും ഉപയോഗിച്ച് 2023ല്‍ രാജസ്ഥാനില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് തങ്ങള്‍ക്ക് പൂര്‍ണവിശ്വാസമുണ്ട്. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുദിവസമായി സതീഷ് പൂനിയ യുപിയില്‍ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. രാജസ്ഥാനിലെ പരമ്പരാഗത തലപ്പാവാണ് സഫ എന്ന് അറിയപ്പെടുന്നത്. രാജസ്ഥാന്റെ സാംസ്‌കാരിക ചിഹ്നമെന്ന നിലയില്‍ രാഷ്ട്രീയക്കാര്‍ പൊതുപരിപാടികളില്‍ ഇത് ധരിക്കാറുമുണ്ട്.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍, പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വരുന്നതുവരെ സഫ ധരിക്കില്ലെന്ന് നേരത്തെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റും പ്രഖ്യാപിച്ചിരുന്നു. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ സമയത്താണ് പൈലറ്റ് വീണ്ടും സഫ ധരിച്ചത്. 2018 ല്‍ 200 അംഗ നിയമസഭയില്‍ 99 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്.

ബിജെപിക്ക് 73 സീറ്റാണ് ലഭിച്ചിരുന്നത്. അതിനിടെ, 2020 ല്‍ സച്ചിന്‍ പൈലറ്റ് വിമതനീക്കം നടത്തിയത് കോണ്‍ഗ്രസ് സര്‍ക്കാരിന് ഭീഷണിയായിരുന്നു. മധ്യപ്രദേശില്‍ ജ്യോതിരാതിഥ്യ സിന്ധ്യ പാര്‍ട്ടി വിട്ടതിന് പിന്നാലെയായിരുന്നു സച്ചിന്റെയും വിമതനീക്കം. ഇതോടെ സര്‍ക്കാര്‍ വീണേക്കുമെന്ന പ്രതീതിയില്‍നിന്ന് ബിഎസ്പിയടക്കമുള്ള കക്ഷികള്‍ പിന്തുണച്ചത് അശോക് ഗെലോട്ടിന് തുണയാവുകയായിരുന്നു.

Next Story

RELATED STORIES

Share it