India

ബാബരി മസ്ജിദ്: സമവായ ചര്‍ച്ചകള്‍ ഫലംകണ്ടില്ല; മധ്യസ്ഥസമിതി റിപോര്‍ട്ട് ഇന്ന് സുപ്രിംകോടതി പരിഗണിക്കും

ഭൂമിതര്‍ക്കം അടക്കമുള്ള വിഷയങ്ങള്‍ പരിഹരിക്കുന്നതിന് കക്ഷികള്‍ക്കിടയില്‍ സമവായമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് മധ്യസ്ഥസമിതി റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മധ്യസ്ഥചര്‍ച്ചകളില്‍ പുരോഗതിയില്ലെന്നും 155 ദിവസം ചര്‍ച്ച നടത്തിയെന്നും കക്ഷികള്‍ക്കിടയില്‍ സമവായമുണ്ടാക്കാനായില്ലെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ബാബരി മസ്ജിദ്: സമവായ ചര്‍ച്ചകള്‍ ഫലംകണ്ടില്ല; മധ്യസ്ഥസമിതി റിപോര്‍ട്ട് ഇന്ന് സുപ്രിംകോടതി പരിഗണിക്കും
X

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥസമിതിയുടെ റിപോര്‍ട്ട് ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ഭൂമിതര്‍ക്കം അടക്കമുള്ള വിഷയങ്ങള്‍ പരിഹരിക്കുന്നതിന് കക്ഷികള്‍ക്കിടയില്‍ സമവായമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് മധ്യസ്ഥസമിതി റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മധ്യസ്ഥചര്‍ച്ചകളില്‍ പുരോഗതിയില്ലെന്നും 155 ദിവസം ചര്‍ച്ച നടത്തിയെന്നും കക്ഷികള്‍ക്കിടയില്‍ സമവായമുണ്ടാക്കാനായില്ലെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച റിപോര്‍ട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചായിരിക്കും ഇന്ന് പരിഗണിക്കുക. കേസില്‍ ജൂലൈ 31നകം മധ്യസ്ഥശ്രമം വിജയം കണ്ടില്ലെങ്കില്‍ ആഗസ്ത് രണ്ട് മുതല്‍ വാദം കേള്‍ക്കുമെന്ന് സുപ്രിംകോടതി അറിയിച്ചിരുന്നു. ഇതുപ്രകാരമാണ് ഇന്ന് വാദം പുനരാരംഭിക്കുന്നത്. ഇതിന് മുമ്പ് കഴിഞ്ഞമാസം 18നാണ് കേസ് അവസാനമായി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിച്ചത്. മധ്യസ്ഥചര്‍ച്ച നിര്‍ത്തി കേസില്‍ സുപ്രിംകോടതി വാദംകേട്ട് അന്തിമതീര്‍പ്പ് കല്‍പിക്കണമെന്നാണ് കേസിലെ സുന്നി വഖഫ് ബോര്‍ഡ് ഒഴികെയുള്ള കക്ഷിക്കാരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള അപേക്ഷകള്‍ പരിഗണിച്ചുകൊണ്ടാണ് മധ്യസ്ഥസമിതിയോട് അന്തിമറിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുക. മധ്യസ്ഥസമിതിയുടെ റിപോര്‍ട്ട് തൃപ്തികരമല്ലെങ്കില്‍ കേസില്‍ അന്തിമവാദത്തിനുള്ള തിയ്യതി ഇന്ന് തീരുമാനിക്കും. മാര്‍ച്ച് എട്ടിനാണ് മധ്യസ്ഥചര്‍ച്ചയ്ക്കും വിഷയങ്ങള്‍ പഠിക്കുന്നതിനുമായി സുപ്രിംകോടതി റിട്ട. ജഡ്ജി ഇബ്‌റാഹിം ഖലീഫുല്ല അധ്യക്ഷനായ മൂന്നംഗ മധ്യസ്ഥസമിതിയെ നിയോഗിച്ചത്. ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

Next Story

RELATED STORIES

Share it