India

നിര്‍ഭയ കേസ്: വധശിക്ഷ സ്റ്റേ ചെയ്തതിനെതിരായ കേന്ദ്രത്തിന്റെ ഹരജി വിധിപറയാന്‍ മാറ്റി

നിയമപരമായ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായ പ്രതികളുടെ വധശിക്ഷ പ്രത്യേകം നടപ്പാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തിലാണ് ഇന്ന് പ്രധാനമായും വാദം നടന്നത്. പ്രതികള്‍ക്കുള്ള അന്തിമവിധി സുപ്രിംകോടതി തീരുമാനിച്ചതാണ്. അതുകൊണ്ട് നാലുപേരുടെയും ശിക്ഷ ഒരുമിച്ചുനടപ്പാക്കണമെന്നില്ല. അതില്‍ ഒരു തടസ്സവുമില്ല.

നിര്‍ഭയ കേസ്: വധശിക്ഷ സ്റ്റേ ചെയ്തതിനെതിരായ കേന്ദ്രത്തിന്റെ ഹരജി വിധിപറയാന്‍ മാറ്റി
X

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്തതിനെതിരേ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി വിധി പറയാനായി മാറ്റി. മൂന്നരമണിക്കൂറോളം നീണ്ട വാദത്തിനൊടുവിലാണ് കേസ് വിധി പറയാന്‍ മാറ്റിവയ്ക്കുന്നതായി ഹൈക്കോടതി അറിയിച്ചത്. ഡല്‍ഹി ഹൈക്കോടതിയില്‍ ജസ്റ്റിസ് സുരേഷ് കൈത്താണ് ഞായറാഴ്ച തന്നെ ഹരജി അടിയന്തരപ്രാധാന്യത്തോടെ പരിഗണിച്ച് വാദംകേട്ടത്. വധശിക്ഷ സ്റ്റേ ചെയ്തുള്ള ഉത്തരവ് റദ്ദാക്കണമെന്നും പ്രതികള്‍ നിയമപ്രക്രിയയെ ചൂഷണം ചെയ്യുകയാണെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചു. കേന്ദ്രസര്‍ക്കാരിനെ ചോദ്യംചെയ്യുന്നത് ധാര്‍ഷ്ട്യമാണ്. ഉടന്‍ വധശിക്ഷ നടപ്പാക്കണം. വധശിക്ഷ നടപ്പാക്കുന്നതില്‍ മനപ്പൂര്‍വം വൈകിപ്പിക്കുകയാണ്. വധശിക്ഷ ഒരിക്കലും വൈകിപ്പിക്കാന്‍ പാടില്ലെന്നും അദ്ദേഹം വാദിച്ചു.

നിയമപരമായ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായ പ്രതികളുടെ വധശിക്ഷ പ്രത്യേകം നടപ്പാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തിലാണ് ഇന്ന് പ്രധാനമായും വാദം നടന്നത്. പ്രതികള്‍ക്കുള്ള അന്തിമവിധി സുപ്രിംകോടതി തീരുമാനിച്ചതാണ്. അതുകൊണ്ട് നാലുപേരുടെയും ശിക്ഷ ഒരുമിച്ചുനടപ്പാക്കണമെന്നില്ല. അതില്‍ ഒരു തടസ്സവുമില്ല. പ്രതികള്‍ ഏഴുവര്‍ഷമായി നീതിന്യായ സംവിധാനത്തെ മുന്‍നിര്‍ത്തി രാജ്യത്തിന്റെ ക്ഷമ നശിപ്പിക്കുകയാണെന്നും നീതി വൈകിപ്പിക്കുന്നത് നീതിനിഷേധിക്കുന്നതിന് തുല്യമാണെന്നും തുഷാര്‍ മേത്ത പറഞ്ഞു. രാഷ്ട്രപതി രണ്ട് പ്രതികളുടെ ദയാഹരജികള്‍ തള്ളിയതും മേത്ത ചൂണ്ടിക്കാട്ടി. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് 14 ദിവസത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഈ കേസില്‍ 13ാം ദിവസമാണ് പ്രതികള്‍ ഹര്‍ജികള്‍ നല്‍കിയത്. ഇത് ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള തന്ത്രമാണ് അദ്ദേഹം വാദിച്ചു.

ദയാഹരജിയില്‍ ഓരോ പ്രതികളുടെ കാര്യത്തിലും രാഷ്ട്രപതിക്ക് വ്യത്യസ്ത നിലപാട് സ്വീകരിക്കാമെന്നും അത് വ്യക്തിപരമാണെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഇത് എങ്ങനെയാണ് മറ്റ് പ്രതികളെ ബാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു. തെലങ്കാനയില്‍ ബലാല്‍സംഗക്കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ചതും സോളിസിറ്റര്‍ ജനറല്‍ വാദത്തിനിടെ പരാമര്‍ശിച്ചിരുന്നു. തെലങ്കാനയില്‍ പ്രതികളെ വധിച്ചപ്പോള്‍ ജനങ്ങള്‍ ആഘോഷിച്ചെന്നും അത് നീതി നടപ്പായതിന്റെ ആഘോഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, വധശിക്ഷ നടപ്പാക്കാന്‍ സുപ്രിംകോടതിയോ ഭരണഘടനയോ നിശ്ചിതസമയം അനുവദിച്ചിട്ടില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകനായ എ പി സിങ്ങിന്റെ വാദം. ഈ കേസില്‍ മാത്രം എന്തിനാണ് ഇത്രധൃതിയെന്നും അദ്ദേഹം ചോദിച്ചു. നീതി നടപ്പാക്കുന്നതില്‍ ധൃതി കാണിക്കുന്നത് നീതിയെ കുഴിച്ചുമൂടുന്നതിന് തുല്യമാണെന്നും എ പി സിങ് പറഞ്ഞു. പ്രതികളായ പവന്‍കുമാര്‍, അക്ഷയ് കുമാര്‍, വിനയ് ശര്‍മ എന്നിവര്‍ക്ക് വേണ്ടിയാണ് എ പി സിങ് കോടതിയില്‍ ഹാജരായത്. മുകേഷ് സിങ്ങിന് വേണ്ടി ഹാജരായ അഭിഭാഷക റെബേക്കാ ജോണും കേന്ദ്രത്തിന്റെ നീക്കത്തെ എതിര്‍ത്തു. എന്തുകൊണ്ടാണ് ഈ കേസില്‍ നേരത്തെ നടപടികള്‍ സ്വീകരിക്കാതിരുന്നതെന്നും നിയമമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതില്‍ തങ്ങളെ കുറ്റപ്പെടുത്താനാവില്ലെന്നുമായിരുന്നു അവരുടെ വാദം.

Next Story

RELATED STORIES

Share it