India

നിര്‍ഭയ കേസ്: പവന്‍ ഗുപ്ത രാഷ്ട്രപതിക്ക് ദയാഹരജി നല്‍കി

പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹരജി സുപ്രിംകോടതി തള്ളിയ സാഹചര്യത്തിലാണ് അദ്ദേഹം ദയാഹരജിയുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമീപിച്ചത്.

നിര്‍ഭയ കേസ്: പവന്‍ ഗുപ്ത രാഷ്ട്രപതിക്ക് ദയാഹരജി നല്‍കി
X

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്ത രാഷ്ട്രപതിക്ക് ദയാഹരജി സമര്‍പ്പിച്ചു. പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹരജി സുപ്രിംകോടതി തള്ളിയ സാഹചര്യത്തിലാണ് അദ്ദേഹം ദയാഹരജിയുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമീപിച്ചത്. മറ്റ് മൂന്നുപേരുടെയും ദയാഹരജി രാഷ്ട്രപതി നേരത്തെ തള്ളിയതാണ്. രണ്ടാമതും ദയാഹരജി നല്‍കിയ അക്ഷയ് താക്കൂര്‍ തീരുമാനം വരുന്നതുവരെ വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ പ്രോസിക്യൂഷനോട് എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കാനുള്ള പട്യാല കോടതിയുടെ മരണവാറണ്ട് നിലനില്‍ക്കെയാണ് വീണ്ടും നിയമക്കുരുക്കുണ്ടായിരിക്കുന്നത്.

ജസ്റ്റിസ് എം വി രമണയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചാണ് പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹരജി നേരത്തെ തള്ളിയത്. നേരത്തെ ഈ കേസിലെ മറ്റ് മൂന്നുപ്രതികളുടെയും തിരുത്തല്‍ ഹരജികള്‍ സുപ്രിംകോടതി തള്ളിയിരുന്നു. തന്റെ ഹരജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നാണ് പവന്‍ ഗുപ്ത ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഈ ആവശ്യം ജസ്റ്റിസ് എം വി രമണ, അരുണ്‍ മിശ്ര, ആര്‍ എഫ് നരിമാന്‍, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചില്ല. തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നതിന് പകരം ചേംബറില്‍വച്ച് തന്നെ ഹരജി പരിഗണിച്ച് തള്ളിക്കളയുകയായിരുന്നു.

Next Story

RELATED STORIES

Share it