India

പഞ്ചാബ് കോണ്‍ഗ്രസിലെ തര്‍ക്കം: കൂടിക്കാഴ്ച നടത്തില്ലെന്ന് രാഹുല്‍; പ്രിയങ്കാ ഗാന്ധിയെ കണ്ട് സിദ്ദു

പഞ്ചാബ് കോണ്‍ഗ്രസിലെ തര്‍ക്കം: കൂടിക്കാഴ്ച നടത്തില്ലെന്ന് രാഹുല്‍; പ്രിയങ്കാ ഗാന്ധിയെ കണ്ട് സിദ്ദു
X

ന്യൂഡല്‍ഹി: പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍സിങ്ങും നവജോത് സിങ് സിദ്ദു അടക്കമുള്ള കോണ്‍ഗ്രസിലെ വിമതരും തമ്മില്‍ തര്‍ക്കം രൂക്ഷമായി തുടരുന്നു. പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്ന സിദ്ദുവിന്റെ പ്രസ്താവന രാഹുല്‍ തള്ളിയിരുന്നു. കൂടിക്കാഴ്ച നടത്തില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുമൊത്തുള്ള ചിത്രം നവജ്യോത് സിങ് സിദ്ദു ട്വീറ്റ് ചെയ്ത്. പ്രിയങ്കയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ചിത്രം സിദ്ദു ട്വീറ്റ് ചെയ്തത്. പ്രിയങ്കാ ഗാന്ധിയുമായി നീണ്ട കൂടിക്കാഴ്ച നടത്തിയെന്നും സിദ്ദു ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍, ഇരുവരും തമ്മില്‍ ഏതൊക്കെ വിഷയം ചര്‍ച്ച ചെയ്തുവെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധി എന്നിവരുമായി താന്‍ കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ സിദ്ദു പറഞ്ഞിരുന്നു. എന്നാല്‍, ഇത്തരത്തില്‍ ഒരു കൂടിക്കാഴ്ചയും സിദ്ദുവുമായി നിശ്ചയിച്ചിട്ടില്ലെന്നായിരുന്നു രാഹുലിന്റെ നിലപാട്. അമരീന്ദറുമായി ഇടഞ്ഞ സിദ്ദു പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ തേടിയാണ് ഡല്‍ഹിയിലെത്തിയത്. സംസ്ഥാനത്ത് അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇരുവരെയും കൈവിടാതിരിക്കാനുള്ള അനുനയ നീക്കമാണു ഹൈക്കമാന്‍ഡ് നടത്തുന്നത്. മൂന്നുമണിക്കൂറോളമാണ് പ്രിയങ്ക ഗാന്ധിയുമായി സിദ്ദു കൂടിക്കാഴ്ച നടത്തിയത്.

സിദ്ധുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയായ ജനപഥിലേക്ക് പോയതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരായ വിമര്‍ശനങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ചയായി പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. പാര്‍ട്ടിയിലെ നിരവധി എതിരാളികളെ സമാധാനിപ്പിക്കാന്‍ അമരീന്ദര്‍ ശ്രമിച്ചെങ്കിലും സിദ്ദു മുഖ്യമന്ത്രിയെ പരസ്യമായി വിമര്‍ശിച്ചു. അമരീന്ദറിന്റെ കീഴില്‍ പ്രവര്‍ത്തിക്കില്ലെന്ന് സിദ്ധു കോണ്‍ഗ്രസിനോട് വ്യക്തമാക്കിയതായും പഞ്ചാബ് പാര്‍ട്ടി യൂണിറ്റ് ചീഫ് പദവിയില്‍ മോഹിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it