India

മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ഇന്ന് രാജ്യസഭയില്‍; പ്രതിഷേധം ശക്തമാക്കി ഡോക്ടര്‍മാര്‍

ബില്ല് ലോക്‌സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രാജ്ഭവന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം തുടരുകയാണ്. ഇന്നലെയാണ് സമരം തുടങ്ങിയത്. ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ തുടര്‍ സമരങ്ങള്‍ ശക്തമാക്കാനാണ് ഐഎംഎയുടെ തീരുമാനം.

മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ഇന്ന് രാജ്യസഭയില്‍; പ്രതിഷേധം ശക്തമാക്കി ഡോക്ടര്‍മാര്‍
X

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ ഇന്ന് രാജ്യസഭയില്‍ ബില്‍ പരിഗണനയ്ക്ക് വരും. ബില്ല് ലോക്‌സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രാജ്ഭവന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം തുടരുകയാണ്. ഇന്നലെയാണ് സമരം തുടങ്ങിയത്. ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ തുടര്‍ സമരങ്ങള്‍ ശക്തമാക്കാനാണ് ഐഎംഎയുടെ തീരുമാനം.

ബില്ലിനെതിരേ സര്‍ക്കാര്‍- സ്വകാര്യമേഖലയിലെ ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് രാവിലെ ആറുമണിയോടെയാണ് അവസാനിച്ചത്. അത്യാഹിതവിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും പണിമുടക്കില്‍നിന്നൊഴിവാക്കിയെങ്കിലും ഒപിയും കിടത്തിച്ചികില്‍സയും ഡോക്ടര്‍മാര്‍ ബഹിഷ്‌കരിച്ചത് രോഗികളെ വലച്ചിരുന്നു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പകരമായാണ് മെഡിക്കല്‍ കമ്മീഷന്‍ ബില്‍ കൊണ്ടുവരുന്നത്. മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാസാവുന്നതോടെ എംബിബിഎസ് അടിസ്ഥാന യോഗ്യതയില്ലാതെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അലോപ്പതി ചികില്‍സയ്ക്ക് അനുമതി ലഭിക്കും. നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡോക്ടര്‍മാരുടെ എണ്ണത്തിന്റെ 30 ശതമാനം പേര്‍ക്കാണ് അതിനുള്ള അനുമതി കിട്ടുക. പ്രാഥമികശുശ്രൂഷയ്ക്കും പ്രതിരോധകുത്തിവയ്പുകള്‍ക്കും മിഡ് ലെവല്‍ ഹെല്‍ത്ത് വര്‍ക്കര്‍ എന്ന പേരില്‍ ഡോക്ടര്‍മാരല്ലാത്ത വിദഗ്ധര്‍ക്കും നിയന്ത്രിത ലൈസന്‍സ് നല്‍കും.

25 അംഗ ദേശീയ മെഡിക്കല്‍ കമ്മീഷനാവും അന്തിമതീരുമാനം കൈക്കൊള്ളാനുള്ള അധികാരം. എംബിബിഎസ് യോഗ്യതയുള്ള 12 ലക്ഷം പേരാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിയമം വന്നാല്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന എംബിബിഎസ് യോഗ്യതയില്ലാത്ത മൂന്നരലക്ഷം പേര്‍ക്കുകൂടി ചികില്‍സയ്ക്ക് അനുമതി കിട്ടും. എന്നാല്‍, യോഗ്യതയില്ലാത്തവരെ ഡോക്ടര്‍മാരായി അംഗീകരിക്കാനാവില്ലെന്നാണ് ഡോക്ടര്‍മാരുടെ സംഘടനകള്‍ പറയുന്നത്.

Next Story

RELATED STORIES

Share it