India

പശ്ചിമ ബംഗാളില്‍ എസ് ഐ ആര്‍ കരടു പട്ടികയില്‍ പേരില്ല; 82കാരന്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു

പശ്ചിമ ബംഗാളില്‍ എസ് ഐ ആര്‍ കരടു പട്ടികയില്‍ പേരില്ല; 82കാരന്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയില്‍ എസ്.ഐ.ആര്‍ വോട്ടര്‍ പട്ടികയുടെ ഹിയറിങ്ങിനായി വിളിപ്പിച്ച വയോധികന്‍ ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. എസ്.ഐ.ആറിന്റെ കരടു പട്ടികയില്‍ പേര് കാണാത്തതിനാല്‍ ഹിയറിങ്ങിനായി നോട്ടീസ് ലഭിച്ചതു മുതല്‍ 82 വയസ്സുള്ള ദുര്‍ജന്‍ മാജി കടുത്ത ആശങ്കയിലായിരുന്നുവെന്ന് മകന്‍ കനായ് പറഞ്ഞു. എസ്.ടി വിഭാഗമായ സാന്താള്‍ കമ്യൂണിറ്റിയില്‍പ്പെട്ടയാളാണ് മാജി.

ഓടുന്ന ട്രെയിനിടിച്ച് മാജി കൊല്ലപ്പെട്ടതായി പോലിസ് പറഞ്ഞു. പാരാ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ ഓഫിസില്‍ ഹിയറിങ്ങിന് ഹാജറാകാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. 'എന്റെ അച്ഛന്‍ എസ്.ഐ.ആര്‍ എണ്ണല്‍ ഫോം സമര്‍പ്പിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ പേര് കരട് വോട്ടര്‍ പട്ടികയില്‍ ഇല്ലായിരുന്നു. 2002 ലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്നു. എന്നിട്ടും പിതാവിനെ ഹിയറിങ്ങിന് വിളിപ്പിച്ചത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്നും' ദിവസവേതനക്കാരനായി ജോലി ചെയ്യുന്ന മകന്‍ കനായി പറഞ്ഞു.

തിങ്കളാഴ്ച രാവിലെ മാജി വീട്ടില്‍ നിന്ന് ഒരു റിക്ഷ അന്വേഷിച്ച് പോയതായി ഭാര്യയും മകനും പറഞ്ഞു. വാഹന സൗകര്യം കണ്ടെത്താനാകാതെയും വാദം കേള്‍ക്കാന്‍ അവസരം ലഭിക്കാതെയും വന്നതിനെ തുടര്‍ന്ന് സമീപത്തുള്ള റെയില്‍വേ ട്രാക്കിലേക്ക് പോയി അദ്ദേഹം ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

1943 ജൂലൈ 18 ന് ജനിച്ച മാജി ജന്മനാ ഇന്ത്യന്‍ പൗരനും ദീര്‍ഘകാല വോട്ടറുമായിരുന്നു. സാധുവായ ഒരു വോട്ടര്‍ ഐഡി കാര്‍ഡ് കൈവശം വെച്ചിരുന്ന അദ്ദേഹത്തിന്റെ പേര് 2002 ലെ വോട്ടര്‍ പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നിട്ടും നടന്നുകൊണ്ടിരിക്കുന്ന എസ്.ഐ.ആര്‍ പ്രക്രിയയില്‍ അദ്ദേഹത്തിന്റെ പേര് ഓണ്‍ലൈന്‍ വോട്ടര്‍ ഡാറ്റാബേസില്‍ വന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

സംഭവം വാര്‍ത്തയായതോടെ 85 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള വോട്ടര്‍മാരെയും, രോഗികളെയും, വൈകല്യമുള്ളവരെയും അവര്‍ പ്രത്യേക അഭ്യര്‍ഥന നടത്തിയാല്‍ വ്യക്തിപരമായ ഹിയറിങ്ങിനായി വിളിക്കാന്‍ പാടില്ല എന്ന് തിങ്കളാഴ്ച തിരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു.






Next Story

RELATED STORIES

Share it