India

'മുസ്‌ലിംകളെ 1947ല്‍തന്നെ പാകിസ്താനിലേക്ക് അയക്കണമായിരുന്നു'; വിദ്വേഷപ്രസ്താവനയുമായി കേന്ദ്രമന്ത്രി

1947ന് മുമ്പ് (മുഹമ്മദ് അലി) ജിന്ന ഒരു മുസ്‌ലിം രാഷ്ട്രത്തിന് വേണ്ടി ശ്രമം നടത്തി. നമ്മുടെ പൂര്‍വികരുടെ ഭാഗത്തുനിന്നുണ്ടായ ആ വലിയ തെറ്റിന്റെ ഫലമാണ് ഇന്ന് നമ്മള്‍ അനുഭവിക്കുന്നത്.

മുസ്‌ലിംകളെ 1947ല്‍തന്നെ പാകിസ്താനിലേക്ക് അയക്കണമായിരുന്നു; വിദ്വേഷപ്രസ്താവനയുമായി കേന്ദ്രമന്ത്രി
X

പട്‌ന: രാജ്യത്തെ മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷപ്രസംഗവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. 1947ല്‍ തന്നെ രാജ്യത്തുള്ള എല്ലാ മുസ്‌ലിംകളെയും പാകിസ്താനിലേക്ക് അയക്കണമെന്നായിരുന്നു ഗിരിരാജ് സിങ്ങിന്റെ പരാമര്‍ശം. ഇത് രാജ്യത്തോട് കൂറുകാണിക്കാനുളള സമയമാണ്. 1947ന് മുമ്പ് (മുഹമ്മദ് അലി) ജിന്ന ഒരു മുസ്‌ലിം രാഷ്ട്രത്തിന് വേണ്ടി ശ്രമം നടത്തി. നമ്മുടെ പൂര്‍വികരുടെ ഭാഗത്തുനിന്നുണ്ടായ ആ വലിയ തെറ്റിന്റെ ഫലമാണ് ഇന്ന് നമ്മള്‍ അനുഭവിക്കുന്നത്. ആ സമയത്ത് തന്നെ മുസ്‌ലിം സഹോദരന്‍മാരെ അങ്ങോട്ട് അയക്കുകയും ഹിന്ദുക്കളെ ഇങ്ങോട്ട് കൊണ്ടുവരുകയും ചെയ്തിരുന്നെങ്കില്‍ ഇന്നീ അവസ്ഥയുണ്ടാവുമായിരുന്നില്ല- ഗിരിരാജ് സിങ് പറഞ്ഞു.

ബിഹാറിലെ പൂര്‍ണിയയില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കവെവയാണ് ഗിരിരാജ് സിങ് വിദ്വേഷപ്രസ്താവന നടത്തിയത്. നാള്‍ക്കുനാള്‍ മുസ്‌ലിംകള്‍ക്കെതിരേ നിരന്തരം വിദ്വേഷപ്രസ്താവനകള്‍ നടത്തി വിവാദത്തിലാവുന്ന കേന്ദ്രമന്ത്രിയാണ് ഗിരിരാജ് സിങ്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യവ്യാപകസമരങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ വിവാദപ്രസ്താവന. സിഎഎ വിരുദ്ധപ്രക്ഷോഭങ്ങള്‍ക്കെതിരേ പ്രധാനമന്ത്രി അടക്കമുള്ളവര്‍ നടത്തിയ വിദ്വേഷപ്രസ്താവനകള്‍ വ്യാപകവിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.

സിഎഎ വിരുദ്ധ പ്രക്ഷോഭകരെ അവരുടെ വസ്ത്രങ്ങള്‍ ഉപയോഗിച്ച് തിരിച്ചറിയാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വോട്ടര്‍മാരോട് ശാഹീന്‍ബാഗിലെ പ്രകടനക്കാര്‍ക്ക് വോട്ട് നല്‍കി വൈദ്യുതാഘാതം നല്‍കണമെന്ന് ആവശ്യപ്പെട്ടു. മന്ത്രി അനുരാഗ് താക്കൂര്‍ 'രാജ്യദ്രോഹികളെ വെടിവയ്ക്കുക' എന്നാണ് ആക്രോശിച്ചത്. പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയതിന് പിന്നാലെ 61ഓളം ബിജെപി നേതാക്കള്‍ ഇതുവരെ വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it