India

മോദി വീണ്ടും പ്രധാനമന്ത്രിയാവണമെന്ന് മുലായം; എതിര്‍ത്തും പരിഹസിച്ചും നേതാക്കള്‍

16ാം ലോക്‌സഭയുടെ അവസാന സമ്മേളനത്തിന്റെ സമാപനദിവസമാണ് നരേന്ദ്രമോദിക്ക് സ്തുതിപാടുന്ന പ്രസ്താവനയുമായി മുലായം രംഗത്തുവരുന്നത്. ഉത്തര്‍പ്രദേശില്‍ സ്വന്തം പാര്‍ട്ടിയായ എസ്പിയും മായാവതിയുടെ ബിഎസ്പിയും ചേര്‍ന്ന് ബിജെപിക്കെതിരേ സംയുക്തപോരാട്ടത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമുള്ള മുലായത്തിന്റെ പ്രസ്താവന പ്രതിപക്ഷ നിരയിലും അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.

മോദി വീണ്ടും പ്രധാനമന്ത്രിയാവണമെന്ന് മുലായം; എതിര്‍ത്തും പരിഹസിച്ചും നേതാക്കള്‍
X

ന്യൂഡല്‍ഹി: നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാവണമെന്ന അപ്രതീക്ഷിത പ്രസ്താവനയുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്. 16ാം ലോക്‌സഭയുടെ അവസാന സമ്മേളനത്തിന്റെ സമാപനദിവസമാണ് നരേന്ദ്രമോദിക്ക് സ്തുതിപാടുന്ന പ്രസ്താവനയുമായി മുലായം രംഗത്തുവരുന്നത്. ഉത്തര്‍പ്രദേശില്‍ സ്വന്തം പാര്‍ട്ടിയായ എസ്പിയും മായാവതിയുടെ ബിഎസ്പിയും ചേര്‍ന്ന് ബിജെപിക്കെതിരേ സംയുക്തപോരാട്ടത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമുള്ള മുലായത്തിന്റെ പ്രസ്താവന പ്രതിപക്ഷ നിരയിലും അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.

മോദി അടുത്ത തവണയും പ്രധാനമന്ത്രിയാവട്ടെയെന്ന് ആശംസിച്ച മുലായം, സഭയിലെ എല്ലാ അംഗങ്ങള്‍ക്കും വീണ്ടും തിരഞ്ഞെടുക്കപ്പെടണമെന്നും അദ്ദേഹം ആശംസിച്ചു. എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോവാന്‍ മോദി ശ്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുലായത്തിന്റെ പ്രസ്താവന സഭയിലുണ്ടായിരുന്ന ബിജെപി അംഗങ്ങള്‍ കൈയടിയോടെയാണ് വരവേറ്റത്. പ്രസംഗം അവസാനിച്ചപ്പോള്‍ മോദി കൈകൂപ്പി അദ്ദേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തു. സോണിയാ ഗാന്ധിയുടെ തൊട്ടടുത്തിരുന്നാണ് മുലായം ഈ പ്രസ്താവന നടത്തിയത്. പ്രതിപക്ഷ നിരയില്‍ സോണിയ ഉള്‍പ്പടെ എല്ലാവരും മുലായത്തിന്റെ പ്രസ്താവന ചിരിയോടെയാണ് സ്വീകരിച്ചത്. പ്രസ്താവന വരുംദിവസങ്ങളില്‍ വലിയ രാഷ്ട്രീയചര്‍ച്ചകള്‍ക്കിടയാക്കുമെന്നതില്‍ തര്‍ക്കമില്ല. അതേസമയം, മുലായത്തിന്റെ പ്രസ്താവനയെ എതിര്‍ത്തും പരിഹസിച്ചും രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. ദേശീയ രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവായ മുലായത്തിനോട് ആദരവുണ്ടെന്നും എന്നാല്‍ മോദിയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളോട് യോജിക്കുന്നില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

അതേസമയം, എന്‍സിപി എംപി സുപ്രിയ സുലേ, മുലായം സിങ്ങിന്റെ അഭിപ്രായത്തെ പരിഹാസത്തോടെയാണ് തള്ളിക്കളഞ്ഞത്. മുലായത്തിനിത് സ്ഥിരം പരിപാടിയാണ്. 2014ല്‍ മന്‍മോഹന്‍ സിങ് വീണ്ടും പ്രധാനമന്ത്രിയാവണമെന്നായിരുന്നു മുലായത്തിന്റെ അഭിപ്രായം. ഇത് തനിക്കും മറ്റുള്ളവര്‍ക്കും നേരിട്ടറിവുള്ളതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, മുലായം സിങ് യാദവിന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ സമാജ് വാദി പാര്‍ട്ടി നേതാക്കന്‍മാര്‍ തയ്യാറായില്ല. മുലായം എന്തുകൊണ്ടാണ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്ന് മനസ്സിലാവുന്നില്ലെന്നായിരുന്നു എസ്പി വക്താവ് രാജേന്ദ്ര ചൗധരിയുടെ പ്രതികരണം.




Next Story

RELATED STORIES

Share it