India

മോദിയുടെ യാത്രകള്‍ വീണ്ടും വിവാദത്തില്‍; ഔദ്യോഗിക പരിപാടികളുടെ ചുവട്പിടിച്ച് ബിജെപി റാലികള്‍

ചില ദേശാടന പക്ഷികള്‍ക്ക് നമ്മുടെ നാട് വളരെ ഇഷ്ടമായിട്ടുണ്ടെന്നും, മരുഭൂമിയില്‍ നിന്നുള്ള ദേശാടനപക്ഷികള്‍ ഇടയ്ക്കിടെ കേരളത്തിലെത്തുന്നുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം.

മോദിയുടെ യാത്രകള്‍ വീണ്ടും വിവാദത്തില്‍;    ഔദ്യോഗിക പരിപാടികളുടെ ചുവട്പിടിച്ച് ബിജെപി റാലികള്‍
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി തിരഞ്ഞെടുപ്പ് റാലിയുടെ ചുവട് പിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക പരിപാടികളും സംഘടിപ്പിക്കുന്നു. എന്നാല്‍ രാജ്യം ചുറ്റിയുള്ള യാത്രകളുടെ ചെലവ് ആരാണ് വഹിക്കുന്നതെന്ന ചോദ്യത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന് മറുപടിയില്ല. തിരഞ്ഞെടുപ്പ് അടുത്തതോടെ രാജ്യത്തുടനീളം പറക്കുകയാണ് മോദിയും പരിവാരവും. 47 ദിവസത്തിനുള്ളില്‍ 18 സംസ്ഥാനങ്ങളിലായി 27 യാത്രകളാണ് നരേന്ദ്രമോദി നടത്തിയത്. ഈ പ്രദേശങ്ങളില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളും സംഘടിപ്പിച്ചിരുന്നു. ചില സംസ്ഥാനങ്ങളില്‍ രണ്ടും അധിലധികവും ബിജെപി റാലികളും ഔദ്യോഗിക പരിപാടികളുമാണ് ഒരേ ദിവസങ്ങളില്‍ നടത്തിയത്. ജനുവരി മൂന്ന് പഞ്ചാബിലെ ജലന്ദറില്‍ ഇന്ത്യന്‍ സയിന്‍സ് കോണ്‍ഗ്രസ്സ് ഉദ്ഘാടനം ചെയ്യാനെത്തിയ മോദി തൊട്ടുടനെ ഗുര്‍ദാസ്പൂരില്‍ നടന്ന ബിജെപി റാലിയിലും സംബന്ധിച്ചു. ജനുവരി അഞ്ചിന് ഓഡീഷയിലും ബിജെപി റാലിയിലും ഔദ്യോഗിക പരിപാടിയിലും നരേന്ദ്രമോദി ഒരോ ദിവസം സംബന്ധിച്ചു. ഔദ്യോഗിക യാത്രകള്‍ പാര്‍ട്ടി റാലികള്‍ക്കനുസരിച്ച് സംഘടിപ്പിക്കുകയാണെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. യാത്രകളുടെ ചെലവ് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് മൗനം തുടരുകയാണ്. ഇത് സംബന്ധിച്ച് വിവരം നല്‍കണമെന്നാവശ്യപ്പെട്ട് സ്‌ക്രോള്‍.ഇന്‍ ഫെബ്രുവരി എട്ടിന് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് ഇ-മെയില്‍ അയച്ചിരുന്നു. എന്നാല്‍ മോദിയുടെ ആഭ്യന്തര യാത്രകളുടെ വിവരങ്ങള്‍ കൈമാറാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് തയ്യാറായില്ല.

ഔദ്യോഗിക പരിപാടികളുടെ ഭാഗമായി രണ്ട് തവണ മോദി കേരളത്തിലും എത്തിയിരുന്നു. മോദിയുടെ ഇടക്കിടേയുള്ള കേരള സന്ദര്‍ശനത്തെ ട്രോളി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു. ചില ദേശാടന പക്ഷികള്‍ക്ക് നമ്മുടെ നാട് വളരെ ഇഷ്ടമായിട്ടുണ്ടെന്നും, മരുഭൂമിയില്‍ നിന്നുള്ള ദേശാടനപക്ഷികള്‍ ഇടയ്ക്കിടെ കേരളത്തിലെത്തുന്നുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം.

Next Story

RELATED STORIES

Share it