India

ആര്‍ത്തവ ആരോഗ്യം മൗലികാവകാശം, വിദ്യാലയങ്ങളില്‍ സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കണം: സുപ്രിം കോടതി

ആര്‍ത്തവ ആരോഗ്യം മൗലികാവകാശം, വിദ്യാലയങ്ങളില്‍ സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കണം: സുപ്രിം കോടതി
X

ന്യൂഡല്‍ഹി: ആര്‍ത്തവ ശുചിത്വം ഒരു സ്ത്രീയുടെ വ്യക്തിപരമായ വിഷയമല്ലെന്നും മറിച്ച് സാമൂഹ്യ ഉത്തരവാദിത്തമായി തിരിച്ചറിയണമെന്നും സുപ്രിം കോടതി. ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് ആര്‍ത്തവ ആരോഗ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വിദ്യാലയങ്ങളില്‍ ജൈവികമായി സംസ്‌കരിക്കാനാകുന്ന സാനിറ്ററി നാപ്കിനുകള്‍ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി നല്‍കണമെന്നും പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ശുചിമുറി സംവിധാനം ഒരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ആര്‍ത്തവ അവബോധം പെണ്‍കുട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തരുതെന്നും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാലയും ജസ്റ്റിസ് ആര്‍ മഹാദേവനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഇത്തരം ബോധവത്ക്കരണം, ആണ്‍കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും നല്‍കണമെന്നും വിദ്യാലയങ്ങളിലെ ആര്‍ത്തവ സംവാദങ്ങള്‍ തുറന്നായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇവിടെ ലജ്ജയുടെ വിഷയം ഉദിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം രാജ്യമെമ്പാടും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജയ ഠാക്കൂര്‍ സമര്‍പ്പിച്ച ഹരജിയിലാണ് പരമോന്നത കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍. 2024 ഡിസംബര്‍ പത്തിനാണ് ഇവര്‍ ഹരജി നല്‍കിയത്. ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ സൗജന്യമായി സാനിറ്ററി പാഡുകള്‍ വിദ്യാര്‍ഥിനികള്‍ക്ക് നല്‍കണമെന്നും അവര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. 127 പേജുള്ള സുദീര്‍ഘമായ വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചത്.

വിദ്യാലയങ്ങളില്‍ ലിംഗവ്യത്യാസം അനുസരിച്ചുള്ള ശുചിമുറി സൗകര്യങ്ങളുടെയും ആര്‍ത്തവ ശുചിത്വ ഉത്പന്നങ്ങളുടെയും അഭാവം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം മാത്രമല്ല, സമത്വം, ആരോഗ്യം, അന്തസ്സ്, സ്വകാര്യത തുടങ്ങിയ മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഭരണഘടന ഉറപ്പുനല്‍കുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകമാണ് വിദ്യാഭ്യാസാവകാശമെന്നും ജസ്റ്റിസ് ജെ ബി പര്‍ദിവാല വ്യക്തമാക്കി.

സര്‍ക്കാരോ സ്വകാര്യ വ്യക്തികളോ നടത്തുന്ന വിദ്യാലയങ്ങളെന്ന വ്യത്യാസമില്ലാതെ പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവ ശുചിത്വം ഉറപ്പ് നല്‍കുന്ന സംവിധാനങ്ങള്‍ എല്ലാ വിദ്യാലയങ്ങളും ആവിഷ്‌ക്കരിച്ച് നടപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ആര്‍ത്തവം ഒരു ശിക്ഷയാകരുത്. ഇത് മൂലം ഒരു പെണ്‍കുട്ടിയും വിദ്യാഭ്യാസം അവസാനിപ്പിക്കരുതെന്നും അമേരിക്കന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ മെലിസ ബെര്‍ട്ടന്റെ വാക്കുകള്‍ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി.





Next Story

RELATED STORIES

Share it