India

ആലോകിന്റെ രാജിക്ക് പിന്നാലെ സിബിഐയില്‍ കൂട്ട സ്ഥലംമാറ്റം

സിബിഐ മുന്‍ ഡയറക്ടര്‍ ആലോക് വര്‍മ രാജി വച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് സിബിഐയില്‍ അഴിച്ചുപണിയുണ്ടായിരിക്കുന്നത്.

ആലോകിന്റെ രാജിക്ക് പിന്നാലെ സിബിഐയില്‍ കൂട്ട സ്ഥലംമാറ്റം
X

ന്യൂഡല്‍ഹി: ആലോക് വര്‍മ രാജിവച്ചതിന് പിന്നാലെ വീണ്ടും സിബിഐയില്‍ കൂട്ട സ്ഥലംമാറ്റം. ആറ് ജോയിന്റ് ഡയറക്ടര്‍മാരെയാണ് സ്ഥലംമാറ്റിയത്. സിബിഐയിലെ ഇന്‍ഫര്‍മേഷന്‍ ഓഫിസറെയും സ്ഥലംമാറ്റിയിട്ടുണ്ട്. സിബിഐ മുന്‍ ഡയറക്ടര്‍ ആലോക് വര്‍മ രാജി വച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് സിബിഐയില്‍ അഴിച്ചുപണിയുണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ സ്വാഭാവികനീതി നിഷേധിച്ചെന്നാരോപിച്ചായിരുന്നു ആലോക് വര്‍മയുടെ രാജി. നടപടിക്രമങ്ങള്‍ അട്ടിമറിച്ചാണ് സിബിഐയില്‍നിന്ന് പുറത്താക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ആലോക് വര്‍മയെ നീക്കിയ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് സുപ്രിംകോടതി ചൊവ്വാഴ്ച റദ്ദാക്കിയതിനെത്തുടര്‍ന്ന് സിബിഐ തലപ്പത്തേക്ക് വീണ്ടും അദ്ദേഹം മടങ്ങിയെത്തിയിരുന്നു. ഇതിന് പിന്നാലെ താല്‍ക്കാലിക ഡയറക്ടറായിരുന്ന നാഗേശ്വര്‍ റാവുവിന്റെ സ്ഥലംമാറ്റ ഉത്തരവുകള്‍ റദ്ദാക്കുകയും പുതുതായി അഞ്ചുപേരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.

കൂടാതെ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരായ കേസുകളുടെ അന്വേഷണത്തിന് പുതിയ ഉദ്യോഗസ്ഥരെ നിയോഗിച്ചു. എന്നാല്‍, പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മൂന്നംഗ ഉന്നതാധികാര സമിതി ആലോക് വര്‍മയെ വീണ്ടും സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കുകയായിരുന്നു. ആലോക് വര്‍മയുടെ കഴിഞ്ഞ രണ്ടുദിവസത്തെ സ്ഥലംമാറ്റം ഉള്‍പ്പടെയുള്ള ഉത്തരവുകള്‍ പകരം ചുമതലയേറ്റ ഇടക്കാല ഡയറക്ടര്‍ എന്‍ നാഗേശ്വരറാവു ഇന്ന് ഉച്ചയോടെ റദ്ദാക്കി. അതിനിടെ, നാഗേശ്വര്‍ റാവുവിനെ സിബിഐ ഇടക്കാല ഡയറക്ടറായി നിയമിച്ച തീരുമാനത്തെ ചോദ്യംചെയ്ത് സുപ്രിംകോടതിയെ സമീപിക്കുമെന്ന് പ്രശാന്ത് ഭൂഷന്‍ വ്യക്തമാക്കി. ഹരജി ഉടന്‍ ഫയല്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Next Story

RELATED STORIES

Share it