India

ജാർഖണ്ഡിൽ മാവോവാദികൾ സ്ഫോടനത്തിലൂടെ റെയിൽവേ ട്രാക്ക് തകർത്തു

ഉന്നത നേതാവ് പ്രശാന്ത് ബോസ് എന്ന കിഷൻ ദായെ ജാർഖണ്ഡ് പോലിസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐ (മാവോയിസ്റ്റ്) ശനിയാഴ്ച രാജ്യവ്യാപകമായി ബന്ദാചരിക്കാൻ ആഹ്വാനം ചെയ്തിരുന്നു.

ജാർഖണ്ഡിൽ മാവോവാദികൾ സ്ഫോടനത്തിലൂടെ റെയിൽവേ ട്രാക്ക് തകർത്തു
X

ലത്തേഹാർ: നിരോധിത കമ്യൂണിസ്റ്റ് പാർട്ടിയായ സിപിഐ (മാവോയിസ്റ്റ്) ജാർഖണ്ഡിലെ ലത്തേഹാർ ജില്ലയിൽ ശനിയാഴ്ച പുലർച്ചെ റെയിൽവേ ട്രാക്കുകളുടെ ഒരു ഭാഗം സ്ഫോടനത്തിലൂടെ തകർത്തു. ട്രാക്ക് തകർന്നതിനാൽ ബർകകാന-ഗർഹ്വ റൂട്ടിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതായി പോലിസ് പറഞ്ഞു.

ശനിയാഴ്ച്ച പുലർച്ചെ 12.30 ഓടെ റിച്ചുഗുട്ടയ്ക്കും ഡെമു സ്റ്റേഷനും ഇടയിലുള്ള റെയിൽവേ ട്രാക്കിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. സിപിഐ (മാവോയിസ്റ്റ്) സ്‌ക്വാഡ് അംഗങ്ങൾ ലത്തേഹാറിൽ റെയിൽവേ ട്രാക്കുകൾ സ്‌ഫോടനം നടത്തുകയും ബർകകാന-ഗർഹ്‌വ റെയിൽ റൂട്ടിൽ ട്രെയിനുകളുടെ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്‌തതായി പലാമു റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ രാജ് കുമാർ ലക്ര പിടിഐയോട് പറഞ്ഞു.

ഭരണകൂടം തലയ്ക്ക് ഒരു കോടി രൂപ പാരിതോഷികമായി പ്രഖ്യാപിച്ച തങ്ങളുടെ ഉന്നത നേതാവ് പ്രശാന്ത് ബോസ് എന്ന കിഷൻ ദായെ ജാർഖണ്ഡ് പോലിസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐ (മാവോയിസ്റ്റ്) ശനിയാഴ്ച രാജ്യവ്യാപകമായി ബന്ദാചരിക്കാൻ ആഹ്വാനം ചെയ്തിരുന്നു. ജാർഖണ്ഡ്, ബിഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ മെമ്പറായിരുന്നു ബോസ്.

റെയിൽവേ അധികൃതർ ട്രാക്കുകൾ നന്നാക്കി വരികയാണെന്ന് ലക്ര പറഞ്ഞു. സെൻട്രൽ ഈസ്റ്റേൺ റെയിൽവേയുടെ ധൻബാദ് ഡിവിഷനു കീഴിലുള്ള പലാമു, ഗർവാ, ലത്തേഹാർ ജില്ലകളിലെ എല്ലാ പോലിസ് സ്റ്റേഷനുകളിലും സ്‌ഫോടനത്തെ തുടർന്ന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് ഡിഐജി അറിയിച്ചു.

സ്‌ഫോടനത്തിൽ ഡീസൽ എൻജിന്റെ ട്രോളി തകർന്നതായി ഇസിആർ റെയിൽവേ വക്താവ് പികെ മിശ്ര പറഞ്ഞു. റെയിൽവേ ലൈനുകളുടെ അറ്റകുറ്റപ്പണികൾക്കായി ബർകകാനയിലേയും ബർവാദിഹിലേയും പ്രത്യേക സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ടെന്നും ജോലികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു, അതേസമയം ദെഹ്‌രി-ഓൺസോൺ-ബർവാദിഹ്, ബർവാദിഹ്-നെസുബോഗോമോ പ്രത്യേക ട്രെയിനുകൾ റദ്ദാക്കി. മേദിനി നഗറിൽ നിന്ന് റാഞ്ചിയിലേക്കുള്ള പാസഞ്ചർ ട്രെയിനുകളുടെ യാത്രയും നിർത്തിവച്ചതായി റയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.

Next Story

RELATED STORIES

Share it