India

മണിപ്പൂര്‍ വീണ്ടും അശാന്തം; കുക്കി ആയുധധാരികള്‍ മെയ്തെയ് വിഭാഗത്തിലെ യുവാവിനെ കൊലപ്പെടുത്തി

മണിപ്പൂര്‍ വീണ്ടും അശാന്തം; കുക്കി ആയുധധാരികള്‍ മെയ്തെയ് വിഭാഗത്തിലെ യുവാവിനെ കൊലപ്പെടുത്തി
X

ഇംഫാല്‍: മണിപ്പൂരില്‍ കുക്കി ആയുധധാരികളെന്ന് സംശയിക്കുന്നവര്‍ മെയ്തെയ് വിഭാഗത്തിലെ യുവാവിനെ കൊലപ്പെടുത്തുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മായംഗ്ലംബം ഋഷികാന്ത സിങ് ആണ് കൊല്ലപ്പെട്ടത്. വെടിയുതിര്‍ക്കും മുന്‍പേ കൈകൂപ്പി നിന്ന് കൊല്ലരുതെയെന്ന് ഇയാള്‍ യാചിക്കുന്നതും തൊട്ടുപിന്നാലെ ഇയാള്‍ വെടിയുതിര്‍ത്ത് കൊലപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവാവിന്റെ കൊലപാതകത്തോടെ സംസ്ഥാനത്ത് തുടര്‍ന്നുവരുന്ന സമാധാന ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി.

കഴിഞ്ഞ കുറെമാസങ്ങളായി കലാപം നിലനിന്നിരുന്ന സംസ്ഥാനത്ത് പൊതുവെ കാര്യങ്ങള്‍ ശാന്തമായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും കൊലപാതകം ഉണ്ടായത്്. കലാപത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 13മുതല്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഈ കൊലപാതകം നടന്നത്.

ബുധനാഴ്ചയാണ് ചുരാചന്ദ്പൂര്‍ ജില്ലയിലെ തുയിബോങ് പ്രദേശത്തെ വീട്ടില്‍ നിന്ന് കുക്കി വിഭാഗത്തില്‍പ്പെട്ട ഋഷികാന്ത സിങിനെ ഭാര്യ ചിങ്നു ഹാവോകിപ്പിനൊപ്പം തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇയാളെ വെടിവെച്ചുകൊല്ലുകയും ഭാര്യയെ വിട്ടയക്കുകയുമായിരുന്നു. സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

അര്‍ധരാത്രിയോടെ നട്ജാങ് ഗ്രാമത്തില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം ചുരാചന്ദ്പൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലിസ് സ്വമേധായ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. നേപ്പാളില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ മൂന്ന് ദിവസം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വംശീയ കലാപത്തെ തുടര്‍ന്ന് മെയ്തേയ്, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ കടുത്ത ഭിന്നത തുടര്‍ന്നെങ്കിലും മെയ്തേയ് വിഭാഗത്തില്‍പ്പെട്ട യുവാവിനെ ഭാര്യക്കൊപ്പം താമസിക്കാന്‍ കുക്കി വിഭാഗം അനുവദിച്ചിരുന്നു. മണിപ്പൂര്‍ വംശഹത്യയില്‍ 260ലേറെപ്പേര്‍ കൊല്ലപ്പെടുകയും 60,000 പേര്‍ പലായനം ചെയ്യേണ്ടിയും വന്നു. കുടിയിറക്കപ്പെട്ടവരില്‍ ഭൂരിഭാഗം ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിലാണ്.





Next Story

RELATED STORIES

Share it