India

5,000 രൂപ മാസശമ്പളമുള്ള യുവാവിന് മൂന്നരക്കോടിയുടെ ആദായനികുതി നോട്ടീസ്

മധ്യപ്രദേശിലെ ഭിന്ദ് സ്വദേശിയും നിലവില്‍ പഞ്ചാബില്‍ കോള്‍ സെന്റര്‍ ജീവനക്കാരനുമായ രവി ഗുപ്തയ്ക്കാണു മൂന്നരക്കോടി രൂപ ആദായനികുതി അടയ്ക്കണമെന്നുകാട്ടി നോട്ടീസ് ലഭിച്ചത്. 2011-12 കാലത്ത് 132 കോടി രൂപയുടെ ഇടപാട് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണു നടപടി.

5,000 രൂപ മാസശമ്പളമുള്ള യുവാവിന് മൂന്നരക്കോടിയുടെ ആദായനികുതി നോട്ടീസ്
X

ന്യൂഡല്‍ഹി: പ്രതിമാസം 5,000 രൂപ മാത്രം ശമ്പളം വാങ്ങുന്ന യുവാവിന് 3.49 കോടി രൂപ നികുതി ചുമത്തി കേന്ദ്ര ആദായ നികുതി വകുപ്പ്. മധ്യപ്രദേശിലെ ഭിന്ദ് സ്വദേശിയും നിലവില്‍ പഞ്ചാബില്‍ കോള്‍ സെന്റര്‍ ജീവനക്കാരനുമായ രവി ഗുപ്തയ്ക്കാണു മൂന്നരക്കോടി രൂപ ആദായനികുതി അടയ്ക്കണമെന്നുകാട്ടി നോട്ടീസ് ലഭിച്ചത്. 2011-12 കാലത്ത് 132 കോടി രൂപയുടെ ഇടപാട് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണു നടപടി. കോടികളുടെ ആദായ നികുതി നോട്ടീസ് ലഭിച്ചതിന്റെ ഞെട്ടലിലാണ് ഇപ്പോഴും രവി ഗുപ്ത. രവിയുടെ പാന്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് മുംബൈയില്‍ ആരംഭിച്ച അക്കൗണ്ടിലൂടെയാണ് ഈ പണമിടപാടുകള്‍ നടന്നതെന്ന് ആദായനികുതി വകുപ്പിന്റെ ഗ്വാളിയര്‍ ഓഫിസില്‍നിന്ന് അയച്ച നോട്ടീസില്‍ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ 17ന് ലഭിച്ച നോട്ടീസില്‍ ജനുവരി 17 നകം 3.49 കോടി രൂപ അടയ്ക്കണമെന്നായിരുന്നു നിര്‍ദേശം.

എന്നാല്‍, ഇക്കാലയളവില്‍ താന്‍ ഇന്‍ഡോറിലെ ഒരു കോള്‍ സെന്ററിലാണ് ജോലിചെയ്തിരുന്നതെന്നും വെറും 60,000 രൂപയാണ് തനിക്കു വാര്‍ഷിക വരുമാനമായി ലഭിച്ചിരുന്നതെന്നും രവി ചൂണ്ടിക്കാട്ടുന്നു. തന്റെ പാന്‍ നമ്പര്‍ മറ്റാരെങ്കിലും ഉപയോഗിച്ചതാകാമെന്നാണ് രവി പറയുന്നത്. ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും അവര്‍ ഈ വാദം സ്വീകരിക്കാന്‍ തയ്യാറായില്ല. സൂറത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വജ്ര വ്യാപാര കമ്പനിയുടെ മുംബൈ ഓഫിസാണ് തന്റെ പേരില്‍ ഇടപാട് നടത്തിയതെന്ന് രവി സ്വയം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. കോടികളുടെ വായ്പ തിരിച്ചടയ്ക്കാതെ രാജ്യംവിട്ട നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ ഓഫിസുകള്‍ക്കു തൊട്ടരികെയാണ് തന്റെ പേരില്‍ തട്ടിപ്പ് നടത്തിയ ഈ കമ്പനി.

നിരവധി ഇടപാടുകള്‍ക്കുശേഷം കമ്പനി വ്യാജ അക്കൗണ്ട് ക്ലോസ് ചെയ്തു. ഇതുസംബന്ധിച്ച് താന്‍ പരാതിയുമായി ഗ്വാളിയര്‍, ലുധിയാന പോലിസ് സ്റ്റേഷനുകളെ സമീപിച്ചെങ്കിലും മുംബൈ പോലിസിനെ സമീപിക്കാനാണ് ഇരുകൂട്ടരും ആവശ്യപ്പെട്ടത്. ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നായിരുന്നു ഗ്വാളിയര്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മറുപടി. തട്ടിപ്പുകാര്‍ തന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങിയതുകൊണ്ടുതന്നെ മുംബൈയിലേക്ക് പോവാന്‍ തനിക്ക് ഭയമാണ്. നികുതി കൃത്യസമയത്ത് അടച്ചില്ലെങ്കില്‍ താന്‍ വായ്പയെടുത്ത് വാങ്ങിയ വീട് ജപ്തി ചെയ്യുമെന്നും തന്റെ ശമ്പളം സര്‍ക്കാര്‍ ട്രഷറി അക്കൗണ്ടിലേക്ക് മാറ്റുമെന്നുമാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. രവി ഗുപ്തയ്ക്ക് പിഴ അടയ്ക്കാന്‍ ആദായനികുതി വകുപ്പ് നല്‍കിയ സമയപരിധി ഇന്നാണ് അവസാനിക്കുന്നത്.

Next Story

RELATED STORIES

Share it