India

രാഹുല്‍ ഗാന്ധി വന്‍ പരാജയം; മോദിക്ക് ബദല്‍ മമത മാത്രമെന്ന് തൃണമൂല്‍ മുഖപത്രം

രാഹുല്‍ ഗാന്ധി വന്‍ പരാജയം; മോദിക്ക് ബദല്‍ മമത മാത്രമെന്ന് തൃണമൂല്‍ മുഖപത്രം
X

കൊല്‍ക്കത്ത: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തികഞ്ഞ പരാജയമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മുഖപത്രം. നിരവധി അവസരങ്ങളുണ്ടായിട്ടും രാഹുല്‍ പ്രയോജനപ്പെടുത്തിയില്ലെന്നും 'ജാഗോ ബംഗഌ' എന്ന തൃണമൂല്‍ മുഖപത്രത്തില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബദലാവാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മാത്രമേ കഴിയൂ. പ്രധാനമന്ത്രിക്കെതിരേ രാഹുലല്ല, മമതാ ബാനര്‍ജിയാണ് ബദലായി ഉയര്‍ന്നുവരേണ്ടത്. മോദിക്ക് ബദല്‍ മമത എന്ന പ്രചാരണ പരിപാടി ദേശവ്യാപകമായി തുടങ്ങുമെന്നും 'രാഹുല്‍ ഗാന്ധി പരാജയം, ബദല്‍ മുഖം മമത' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപത്രത്തിലെ കവര്‍‌സ്റ്റോറിയില്‍ പറയുന്നു.

'രാജ്യം ഒരു ബദല്‍ തേടുകയാണ്. എനിക്ക് വളരെക്കാലമായി രാഹുല്‍ ഗാന്ധിയെ അറിയാം. പക്ഷേ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു ബദല്‍ മുഖമായി ഉയര്‍ന്നുവരാന്‍ രാഹുല്‍ പരാജയപ്പെട്ടു. എന്നാല്‍, മമതാ ബാനര്‍ജി ബദല്‍ മുഖമായി ഉയര്‍ന്നുവരുന്നതില്‍ വിജയിച്ചു- തൃണമൂലിന്റെ ലോക്‌സഭാ പാര്‍ട്ടി നേതാവ് സുദീപ് ബന്ദോപാധ്യായയെ ഉദ്ധരിച്ച് മുഖപത്രം പറയുന്നു. രാജ്യം മുഴുവന്‍ ഇപ്പോള്‍ മമതാ ബാനര്‍ജിയെ പിന്തുണയ്ക്കുന്നുവെന്ന് ബന്ദോപാധ്യായ അടുത്തിടെ ഒരു പാര്‍ട്ടി പരിപാടിയില്‍ പറഞ്ഞതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസില്ലാതെ ഒരു ബദല്‍ ശക്തിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടില്ല. അതേസമയം, നരേന്ദ്ര മോദിക്ക് ബദല്‍ മുഖമായി രാഹുല്‍ ഗാന്ധിയെ ആളുകള്‍ അംഗീകരിക്കുന്നില്ല.

2014 ലും 2019 ലും നടന്ന രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ അത് തെളിയിക്കാന്‍ കോണ്‍ഗ്രസ് നേതാവിന് കഴിഞ്ഞില്ലെന്ന് സംസ്ഥാന ടിഎംസി വക്താവ് പറഞ്ഞു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം മമതാ ബാനര്‍ജി ഒരു ബദലായി (പ്രധാനമന്ത്രി മോദിക്ക്) ഉയര്‍ന്നുവരുന്നതില്‍ വിജയിച്ചു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മുഖപത്രത്തിലെ കവര്‍ സ്റ്റോറി പുറത്തുവന്നതോടെ തൃണമൂലും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. തൃണമൂല്‍ മുഖപത്രത്തെയും മമതയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ പിസിസി അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തി. മമതാ ബാനര്‍ജിയുടെ ഉന്നം പ്രധാനമന്ത്രി കസേരയാണ്.

മമതാ ബാനര്‍ജിക്ക് അധികാരക്കൊതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മറ്റുള്ള പാര്‍ട്ടികളെ അപമാനിക്കുന്ന നിലപാടാണ് മമത എടുക്കാറുള്ളത്. മുഖപത്രത്തില്‍ മമത തന്നെയാണ് എഴുതിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആരാണ് വിജയിച്ചത്, ആരാണ് വിജയിക്കാത്തത് എന്നതിനെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. ഇത് 2021 ആണ്, ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024 ല്‍ ആണ്. 2014 മുതല്‍ മോദി സര്‍ക്കാരിനെതിരായ ഏറ്റവും ശക്തമായ എതിരാളി രാഹുലാണ്- പറഞ്ഞു.

തങ്ങളുടെ പൊതുനേതാവാരായിരിക്കണമെന്ന് പ്രതിപക്ഷ സഖ്യകക്ഷികള്‍ ഏകകണ്ഠമായി തീരുമാനിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രദീപ് ഭട്ടാചാര്യ പറഞ്ഞു. ഒരു സഖ്യം രൂപീകരിക്കുമ്പോള്‍, സഖ്യകക്ഷികള്‍ ഏകകണ്ഠമായി സഖ്യത്തെ നയിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ചരിത്രം കാണിക്കുന്നു. അതിനാല്‍, ധാരാളം അഭിപ്രായങ്ങള്‍ ഉണ്ടാകാം, പക്ഷേ അത് അന്തിമതീരുമാനമല്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it