India

ചെന്നൈയിലെ ഹോസ്റ്റലില്‍ മലയാളി വിദ്യാര്‍ഥിനി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു; നാലുപേര്‍ ആശുപത്രിയില്‍; ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ചെന്നൈയിലെ ഹോസ്റ്റലില്‍ മലയാളി വിദ്യാര്‍ഥിനി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു; നാലുപേര്‍ ആശുപത്രിയില്‍; ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
X

ചെന്നൈ: മലയാളി വിദ്യാര്‍ഥിനി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. തമിഴ്നാട്ടിലെ ചെന്നൈയ്ക്ക് സമീപമുള്ള താംബരത്തുള്ള ഒരു കോളജ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന പാലക്കാട് സ്വദേശിനി ശരണ്യയാണ് മരിച്ചത്. അതേ ഹോസ്റ്റലില്‍ താമസിക്കുന്ന ഏഴ് വിദ്യാര്‍ഥികള്‍ക്കും ഡെങ്കിപ്പനി ഉള്ളതായി സ്ഥിരീകരിച്ചു. അവരെ ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അടുത്തിടെ ഹോസ്റ്റലില്‍ വച്ച് ശരണ്യയ്ക്ക് പനി വന്നിരുന്നു. എന്നാല്‍ മരുന്ന് കഴിച്ചിട്ടും പനി കുറഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇന്നലെ (ജനുവരി 21) പനി മൂര്‍ഛിച്ചപ്പോള്‍ ഹോസ്റ്റല്‍ അധികൃതര്‍ ശരണ്യയെ അടുത്തുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ രക്ത പരിശോധനയിലാണ് ശരണ്യയ്ക്ക് ഡെങ്കിപ്പനി ഉള്ളതായി സ്ഥിരീകരിച്ചത്. പിന്നീട് ചികില്‍സ നല്‍കിയെങ്കിലും കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനി മരിക്കുകയായിരുന്നു.

ശരണ്യയുടെ മരണം ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ഥികളില്‍ ഭീതി സൃഷ്ടിച്ചു. താംബരത്തിനടുത്തുള്ള ഭാരത് നഗര്‍ പ്രദേശത്താണ് സ്വകാര്യ എന്‍ജിനീയറിങ് കോളജ് സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നിരവധി വിദ്യാര്‍ഥികളാണ് കോളജ് ഹോസ്റ്റലില്‍ താമസിക്കുന്നത്.

ഇതേത്തുടര്‍ന്ന് ഹോസ്റ്റലിലെ എല്ലാ വിദ്യാര്‍ഥികളുടെയും രക്തപരിശോധന നടത്തി. തുടര്‍ന്ന് ഏഴ് വിദ്യാര്‍ഥികള്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു. ഉടന്‍തന്നെ ഇതില്‍ നാല് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് മൂന്ന് വിദ്യാര്‍ഥികളെ ചികില്‍സയ്ക്കായി അവരുടെ നാട്ടിലേയ്ക്ക് അയച്ചു. ഡെങ്കിപ്പനി കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാന്‍ താത്ക്കാലികമായി കോളജ് അടച്ചിട്ടു. ഹോസ്റ്റലില്‍ നിന്ന് എല്ലാ വിദ്യാര്‍ഥികളെയും അവരുടെ നാട്ടിലേയ്ക്ക് പറഞ്ഞയച്ചെന്നും അധികൃതര്‍ വ്യക്തമാക്കി.





Next Story

RELATED STORIES

Share it